വിഭജനവും ആസക്തിയും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വർഗ്ഗീയ വിഭജനത്തിനും ലഹരിയോടുള്ള ആസക്തിക്കുമെതിരെ ശബ്ദമുയർത്തി വിദ്യാർത്ഥി യുവജന സംഗമം. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്ക്കാരികോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ മുനിസിപ്പൽ ടൗൺ ഹാൾ അങ്കണത്തിലെ കെ സി ബിജു നഗറിലാണ് വിഭജനത്തിനും ആസക്തിക്കുമെതിരെ സംവാദം സംഘടിപ്പിച്ചത്.


വർത്തമാനകാല സാഹചര്യത്തിൽ ഏറെ പ്രധാനമായി ചർച്ച ചെയ്യപ്പെടേണ്ട രണ്ട് കാര്യങ്ങളാണ് വർഗ്ഗീയ വിഭജനവും ലഹരിയോടുള്ള ആസക്തിയുമെന്ന് സംവാദത്തിൽ മോഡറേറ്ററായിരുന്ന മാധ്യമ പ്രവർത്തകൻ അഭിഷാഷ് മോഹനൻ അഭിപ്രായപ്പെട്ടു. ലഹരിയോട് തോന്നുന്ന ആസക്തി വ്യക്തിയെയും പിന്നീട് കുടുംബത്തെയും സമൂഹത്തെയും നശിപ്പിച്ചു കളയുകയാണ്. ഇതുപോലെതന്നെ സമൂഹത്തെ ഒന്നാകെ നശിപ്പിച്ചു കളയുകയാണ് വർഗ്ഗീയ വേർതിരിവുകളും.

ഈ സാഹചര്യത്തിൽ വർഗ്ഗീയമായ സകല ഇടങ്ങൾക്കുമെതിരെ രാജ്യത്തെ പുതു തലമുറയെ നയിക്കാൻ നമ്മുടെ നാട്ടിലെ യുവജന പ്രസ്ഥാനങ്ങൾക്ക് കഴിയുമോ എന്നും വർഗ്ഗീയതയ്ക്കെതിരെ എന്ത് അജണ്ടയാണ് പ്രസ്ഥാനങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. ലഹരിയിൽ നിന്ന് വിട്ടു നിന്നാൽ സമൂഹം തന്നെ ഒറ്റപ്പെടുത്തുന്ന കാലത്ത് കൂട്ടായ്മകളുടെ എന്ത് ബദലാണ് യുവജന പ്രസ്ഥാനങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ആരാഞ്ഞു.

വിശ്വാസത്തെ അടിസ്ഥാനമാക്കി മുന്നോട്ടു പോയിട്ടുള്ള ഒരു മത രാഷ്ട്രത്തിലും അവരുടെ പ്രത്യേക ആശയങ്ങൾ വിജയിപ്പിക്കാനോ പ്രാവർത്തികമാക്കാനോ സാധിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. അതു തന്നെയാണ് നമ്മുടെ രാജ്യത്തും കാണാൻ സാധിക്കുന്നത്. മതവും, വിശ്വാസവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധപ്പെടലുകൾ അവസാനിപ്പിച്ചാൽ മാത്രമെ നമ്മുടെ രാജ്യത്തെ വർഗ്ഗീയമായി വിഭജിക്കുന്ന പ്രതിസന്ധി അതിജീവിക്കാൻ സാധിക്കുകയുള്ളു. ഇക്കാലത്ത് വർഗീയതക്കെതിരായുള്ള കൃത്യമായ സമരം മത നിരപേക്ഷ രാഷ്ട്രീയമാണ്. പഴയ കാലത്തിൽ നിന്ന് വ്യത്യസ്തമായ രാസലഹരിയുടെ ഉപയോഗം തടയാനുള്ള പരിശ്രമങ്ങൾ നടത്തിയില്ലെങ്കിൽ നമ്മുടെ നാട് ഇത് പോലെ നിലനിൽക്കില്ലന്നും ലഹരിക്കെതിരെ കൂട്ടായ പോരാട്ടങ്ങൾ സംഘടിപ്പിക്കണമെന്നും വി കെ സനോജ് പറഞ്ഞു.

വർഗ്ഗീയത മതത്തിൽ അന്തർലീനമായതല്ലെന്നും മതവും രാഷ്ട്രീയവും ഒന്നിക്കുമ്പോഴാണ് വർഗീയ വിഭജനം ഉണ്ടാകുന്നതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. അബിൻ വർക്കി പറഞ്ഞു. മതവും ജാതിയും തമ്മിലുള്ള വിഭജനം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുന്നേ ഉണ്ട്. പക്ഷേ മതവും രാഷ്ട്രിയവും കലർത്തിയപ്പോഴാണ് വർഗീയത വന്നത്. രാജ്യത്ത് ഇന്ന് ആർ എസ് എസ് – ബി ജെ പി വർഗീയ കക്ഷി ഭരണത്തിൽ വന്നപ്പോൾ ഏറ്റവും അധികം ബാധിക്കപ്പെട്ട രാഷ്ട്രീയ കക്ഷി കോൺഗ്രസാണ്. അതുകൊണ്ട് തന്നെയാണ് കോൺഗ്രസിന്റെ നയങ്ങൾ എന്നും വർഗീയ വിരുദ്ധമാകുന്നത്. വർഗീയതക്കെതിരെ ഒന്നിച്ച് പോരാട്ടമായി മുന്നോട്ട് പോകണം.

പുതു തലമുറയോട് മുതിർന്നവർ സംസാരിക്കുന്ന ഭാഷ പ്രധാന ഘടകമാണ്. അവർക്ക് നമ്മൾ പറയുന്നത് മനസിലാകില്ല. ഇപ്പോഴുള്ള തലമുറയ്ക്ക് മനസിലാക്കുന്ന രീതിയിലാണ് ഇടപെടൽ വേണ്ടത്. നമ്മൾക്ക് മനസിലാക്കുന്നത് അവർക്കും, അവർക്ക് മനസിലായതും നമ്മക്കും മനസിലാകുന്നില്ല. യുവജന സംഘടനകൾ പുതു തലമുറയിലെ യുവാക്കളോട് അവരുടെ ഭാഷയിൽ ഇടപെടണം. അഡിക്ഷൻ ഒരു രോഗമാണെന്ന്
കണക്കാക്കി തന്നെ ലഹരി ഉപയോഗത്തെ നേരിടണമെന്ന് അഡ്വ. അബിൻ വർക്കി അഭിപ്രായപ്പെട്ടു


ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ വിഭജിച്ച് ഭരണമുറപ്പിച്ച അതേ തന്ത്രമാണ് ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നവർ പയറ്റുന്നതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. തങ്ങളുടെ ഫാസിസ്റ്റ് ആശയങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടി ഹിറ്റ്ലറും മുസ്സോളിനിയും ഉപയോഗിച്ച വിഭജന തന്ത്രമാണ് നമ്മുടെ രാജ്യത്തും നടപ്പിലാക്കി വിജയിപ്പിച്ചത്. ലോകത്തിന് തന്നെ മാതൃകയായ രാജ്യത്തിന്റെ ബഹുസ്വരത തകർക്കുന്നതിനുള്ള പരിശ്രമങ്ങളാണ് രാജ്യത്തെ വർഗ്ഗീയ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷുകാർ പാകിയ വിത്തിന്റെ കൊയ്ത്ത് നടത്തുകയാണ് ആർഎസ്എസും സംഘ പരിവാറും. രാജ്യത്തിന്റെ ബഹുസ്വരത നിലനിർത്തുന്നതിനായി വീണ്ടുമൊരു സ്വാതന്ത്ര്യ സമരത്തിലൂടെ പോരാട്ടം തുടരേണ്ടതാണ്.

ഏതെങ്കിലുമൊരു മതത്തോട് തോന്നുന്ന ആസക്തിയും ലഹരിയോട് തോന്നുന്ന ആസക്തിയും ഒരു പോലെ അപകടമാണ്. ഇന്ന് പിടിക്കപ്പെടുന്ന ലഹരിക്കേസുകളിൽ 50 ശതമാനത്തിലേറെയും യുവാക്കളും വിദ്യാർത്ഥികളുമാണ്. നമ്മുടെ ഭാവി തലമുറയെ തന്നെ ഇല്ലാതാക്കുന്ന സാഹചര്യമാണുള്ളത്.
അതിനാൽ നമ്മുടെ പൊതു സമൂഹമൊറ്റക്കെട്ടായി നിന്ന് വർഗ്ഗീയ വിഭജനത്തിനും ലഹരിയോടുള്ള ആസക്തിക്കുമെതിരെ പോരാടേണ്ട കാലം അതിക്രമിച്ചുവെന്ന് ടി ടി ജിസ്മോൻ പറഞ്ഞു.

എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. അബിൻ വർക്കി എന്നിവർ വിഷയത്തെ അദികരിച്ച് സംസാരിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ സ്വാഗതവും എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടോക്കാരൻ നന്ദിയും പറഞ്ഞു. തുടർന്ന് രാഗവല്ലി ദ ആർട്ട് ഓഫ് മ്യൂസിക്ക് ടീമിൻ്റെ ലൈവ് മ്യൂസിക് ബാൻഡ് അരങ്ങേറി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page