ഇരിങ്ങാലക്കുട : ഭ്രമരി, അംബ, കുറത്തി എന്നി മൂന്നു കഥകളെ ആസ്പദമാക്കി ആദ്യമായി മോഹിനിയാട്ട രൂപത്തിൽ അവതരിപ്പിച്ച് നർത്തകി ഹൃദ്യ ഹരിദാസ്. ക്ഷേത്രങ്ങളിൽ അരങ്ങേറുന്ന തോൽപ്പാവക്കൂത്തിന്റെ ഉത്ഭവവും ഇതിവൃത്തവും മോഹിനിയാട്ടത്തിൽ ആദ്യമായി വേദിയിൽ എത്തിയപ്പോൾ കാണികൾക്ക് ആസ്വാദനത്തിന്റെ ഒരു വ്യത്യസ്ത അനുഭവമായി. കഴിഞ്ഞ 15 വർഷമായി ഗുരു നിർമല പണിക്കരുടെ ശിഷ്യയാണ് ഹൃദ്യ. ഇരിങ്ങാലക്കുട നടന കൈരളി കൊട്ടിച്ചേതം തിയേറ്റർ സ്റ്റുഡിയോയിൽ ആണ് അവതരണം നടന്നത്.
തോൽപ്പാവക്കൂത്തിന്റെ ഐതിഹ്യവും പ്രാധാന്യവും കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളോട് കുറത്തി പറയുന്നതും ദേവിയുടെ ഇഷ്ട വഴിപാടായ തോൽപ്പാവക്കൂത്ത് നടത്തിയാൽ സന്താനഭാഗ്യം ഉണ്ടാകും എന്ന് വിശദീകരിക്കുന്നതുമാണ് മോഹിനിയാട്ടത്തിലൂടെ അവതരിപ്പിച്ചത്.
കുറത്തി ഇനം തോൽപ്പാവ കൂത്തിന്റെ ഐതീഹ്യം വിസ്തരിച്ച് അവസാനം കുറത്തി തോൽപ്പാവാകൂത്തു കാണാനായി കാണികളെ ക്ഷണിച്ചു കൊണ്ട് രംഗത്ത് നിന്നു പോകുന്നു. തുടർന്ന് വേദിയിൽ തയാറാക്കിയ കൂത്തുമാടത്തിൽ തോൽപ്പാവകൂത്ത് കലാകാരൻമാരായ സജീഷ് പുലവർ സംഘവും തോൽപ്പാവാകൂത്ത് അവതരിപ്പിച്ചു.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മോഹിനിയാട്ടത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് ഹൃദ്യ. ഇവർ നൃത്തം അഭ്യസിക്കുന്ന നടനകൈശകിയിലെ ഗുരു നിർമല പണിക്കരാണ് മോഹിനിയാട്ട രൂപത്തിൽ ചിട്ടപ്പെടുത്തിയത്. മൂർക്കനാട് ദിനേശൻ വാരിയർ, നിർമല പണിക്കർ എന്നിവർ ചേർന്ന് എഴുതിയ വരികൾക്ക് നീലംപേരൂർ സുരേഷ് കുമാറാണ് ഈണം നൽകിയത്. നടനകൈരളിയിൽനിന്നും ഡിപ്ലോമ സർട്ടിഫിക്കേറ്റ് വാങ്ങുന്ന ചടങ്ങും നടന്നു. ഗുരു വേണു ജി, ഗുരു നിർമല പണിക്കർ, പ്രൊഫ ജോർജ് എസ് പോൾ,രാധിക കെ ടി പി, കപില വേണു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive