കൂടൽമാണിക്യം തെക്കേ കുളത്തിൽ മത്സ്യപിടുത്തം സജീവം, കൽപ്പടുവകൾ വീണ്ടും കാടുകയറി

ഇരിങ്ങാലക്കുട : ഏറെ പവിത്രമായി കരുതിപ്പോരുന്ന കൂടൽമാണിക്യം തെക്കേകുളത്തിൽ വിവിധ സംഘങ്ങൾ മത്സ്യം പിടിക്കുന്നത് നിർബാധം തുടരുന്നു. സ്കൂൾ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ സംഘങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ചുണ്ടയിട്ടാണ് മത്സ്യം പിടിക്കുന്നത്.

വെറും വിനോദത്തിന് തുടങ്ങിയ മീൻപിടുത്തം ഇപ്പോൾ പക്ഷേ അങ്ങനെയല്ല. അവധി ദിവസങ്ങളിൽ വലിയ ബാഗ്കളുമായി വന്നു മത്സ്യം കൂടുതലായി പിടിച്ചു കൊണ്ടു പോകുന്ന രീതിയാണ് തുടരുന്നത്. അധികൃതരുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടാകാത്തതാണ് ഇതിനു കാരണം.

കൂടൽമാണിക്യം ക്ഷേത്രത്തിലും സമീപത്തുള്ള കുട്ടംകുളം, തെക്കേകുളം, പടിഞ്ഞാറേകുളം , തീർത്ഥകുളം എന്നിവയിൽ അശുദ്ധിയുണ്ടായാൽ പുണ്യാഹം നടത്തിയതിനു ശേഷം മാത്രമേ ക്ഷേത്രവും കുളങ്ങളും ഉപയോഗിക്കാവു എന്നുള്ളത് കാലങ്ങളായുള്ള ആചാരമാണ്. ഇന്നും ക്ഷേത്രകുളങ്ങളിൽ മത്സ്യം ചത്തുപൊങ്ങിയാലും , ഏതെങ്കിലും രീതിയിലുള്ള മരണം നടന്നാലും പുണ്യാഹം നടത്തിയതിനു ശേഷം മാത്രമാണ് കുളം ഉപയോഗിക്കുകയും ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം അനുവദിക്കുകയും ചെയ്തുവരാറ്‌. പരിപാവനമായ ഈ കുളത്തിലാണ് അനധികൃതമായി ചിലർ മത്സ്യം പിടിക്കുന്നത് നിർബാധം തുടർന്ന് വരുന്നത് എന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ദിനംപ്രതി 100 കണക്കിന് ഭക്തർ ഉൾപ്പെടെയുള്ളവരാണ് കുളിക്കുവാനായി കുളത്തെ ആശ്രയിക്കുന്നത്. തെക്കേകുളത്തിന്റെ കൽപ്പടവുകളിൽ ഇരുവശത്തും മാലിന്യം അടിഞ്ഞുകൂടി പടവുകൾ ഉപയോഗശൂന്യമായിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളുമാണ് അധികവും.

ക്ഷേത്രക്കുളം വലിയതോതിൽ മലിനമാകുന്നതിൽ കുളം ഉപയോഗിക്കുന്നവരുടെയും അശ്രദ്ധയുമുണ്ട്. സാമൂഹ്യവിരുദ്ധരുടെ ശല്യം കുളത്തിന് ചുറ്റും സ്ഥിരമാണെന്ന് പരാതി നിലനിൽക്കുന്നുണ്ട്. ഇവിടെ ദേവസ്വം സെക്യൂരിറ്റിയെ നിയോഗിക്കണമെന്ന് ആവശ്യവും ശക്തമാണ്. ക്ഷേത്ര പരിസരങ്ങളിൽ ദേവസ്വം സെക്യൂരിറ്റി ക്യാമറകൾ വെച്ചിട്ടുണ്ടെങ്കിലും, തെക്കേകുളം അതിന്റെ പരിധിയിൽ പെടുന്നില്ല.

തെക്കേകുളത്തിന്റെ കൽപ്പടവുകൾ എല്ലാം വീണ്ടും കാടുകയറിയ അവസ്ഥയിലാണ്. പതിവിൽ നിന്ന് വിപരീതമായി കുളത്തിൽ ഇപ്പോൾ പായലും പരക്കുന്നുണ്ട്. ഇത് കുളത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തും.

തെക്കേകുളത്തിന്റെ 12 കുളിക്കടവുകളിൽ ആവശ്യമുള്ളവ മാത്രം തുറന്നുകൊടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യവും നിലനിൽക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ഇവിടെ വെളിച്ചക്കുറവും ഉണ്ട്.

തെക്കേകുളത്തിലെ മത്സ്യപിടുത്തം അടക്കമുള്ള കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി പറഞ്ഞു. തുടർ നടപടികൾ വേഗം ഉണ്ടാവുമെന്നും അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page