IRINJALAKUDALIVE.COM

കോന്തിപുലം പാടത്ത്‌ കാറും ലോറിയും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരില്‍ ഒരാള്‍ മരിച്ചു: ഒരാള്‍ക്ക്‌ പരിക്കേറ്റു

14092211
മാപ്രാണം :
കോന്തിപുലം പാടത്ത്‌ കാറും ലോറിയും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക്‌ പരിക്കേറ്റു. കാറോടിച്ചിരുന്ന ചേര്‍പ്പ്‌ വല്ലച്ചിറ സ്വദേശി വല്ലത്ത്‌ പറമ്പില്‍ ഗോകുലന്‍(58) ആണ്‌ മരിച്ചത്‌. പലഹാര കച്ചവടവുമായി ബന്ധപ്പെട്ട്‌ ഇയാള്‍ നെടുമ്പാളില്‍ വാടകയ്‌ക്ക്‌ താമസിക്കുകയായിരുന്നുവെന്ന്‌ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ പറപ്പൂക്കര സ്വദേശി കരവട്ട്‌ വീട്ടില്‍ തിലകന്‍ (38) നെ ഇരിങ്ങാലക്കുട ലാല്‍ 14092212ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച രാത്രി എട്ടരയോടെ മാപ്രാണം നെടുമ്പാള്‍ റോഡില്‍ വെച്ചായിരുന്നു സംഭവം. മാപ്രാണം ഭാഗത്തുനിന്നും വരികയായിരുന്ന കാറും നന്തിക്കര ഭാഗത്തുനിന്നും വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ്‌ ലോറിയുമാണ്‌ കൂട്ടിയിടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ ഗോകുലന്‍ സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു. ഗീതയാണ്‌ ഗോകുലന്റെ ഭാര്യ. മക്കള്‍: ജിബിഷ്‌, ജിഷ.


സി പി ഐയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു

14092210എടതിരിഞ്ഞി: പി ഡബ്ലിയു ഡി റോഡുകള്‍ സഞ്ചാര യോഗ്യമാക്കുക ,കുടിവെള്ള പൈപ്പ് ലൈന്‍ പ്രവൃത്തി ഉടന്‍ പൂര്‍ത്തികരിക്കുക എന്നി  ആവശ്യങ്ങള്‍ ഉന്നയിച്ച് സി പി ഐയുടെ ആഭിമുഖ്യത്തില്‍ എടതിരിഞ്ഞി പോസ്റ്റ്‌ ഓഫിസ് ജംഗ്ഷനില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണ സി പി ഐ മണ്ഡലം സെക്രട്ടറി ടി കെ സുധീഷ്‌ ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ വി രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി മണി ,പി ആര്‍ രമേശ്‌,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി ലോഹിതാക്ഷന്‍ ,ജില്ല പഞ്ചായത്ത് മെമ്പര്‍ അനിത രാധാകൃഷ്ണന്‍ ,ഒ കെ രാമകൃഷ്ണന്‍ ,കെ പി കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ധര്‍ണ്ണ യിൽ ഒട്ടേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.


ഉണ്ണായിവാരിയര്‍ കലാനിലയം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: കെ രാജഗോപാല്‍ പ്രസിഡണ്ട് സതിഷ് വിമലന്‍ സെക്രട്ടറി

14092209ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഭരണസമിതി തിരഞ്ഞെടുപ്പില്‍ ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. തിരഞ്ഞെടുത്ത ഭരണ സമിതിയുടെ യോഗത്തിൽ വച്ച് പുതിയ ഭാരവാഹികളായി കെ രാജഗോപാല്‍ (പ്രസിഡണ്ട് ) ,സതീഷ് വിമലന്‍ (സെക്രട്ടറി),ശ്രീകുമാര്‍ (ട്രഷറര്‍ ) കെ എസ് പത്മനാഭന്‍ (വൈസ് പ്രസിഡണ്ട് ),ടി കെ വര്‍ഗ്ഗീസ് (ജോയിന്റ് സെക്രട്ടറി ). എന്നിവരെയാണ് തിരഞ്ഞെടുത്തത്.


ഇന്ന് ലോക സൈക്കിള്‍ ദിനം: സൈക്കിള്‍ രവിയേട്ടന്റെ ദിനചര്യയുടെ ഭാഗം

14092203ഇരിങ്ങാലക്കുട: കിലോമീറ്ററോളം അകലെയുള്ള തന്റെ ഗ്രാമത്തില്‍ നിന്നും നഗരത്തിലെ കട തുറക്കാന്‍ രവിയേട്ടന്‍ എത്തുന്ന പതിവ് തുടങ്ങിയിട്ട് ഇരുപത് വര്‍ഷത്തോളമായി. ഗ്രാമകാഴ്ചകളും നാട്ടുപാതയിലൂടെയുള്ള സൈക്കിള്‍ യാത്രയും ഇന്നും ദിനചര്യയുടെ ഭാഗമായിട്ടാണ് ഇരിങ്ങാലക്കുട നടയിലെ വുഡ് ലാന്റ്സ് ഹോട്ടലിന് എതിര്‍വശത്തുള്ള മാക്സിംസ് എന്ന സ്ഥാപനം നടത്തുന്ന രവിയേട്ടന്‍ കാണുന്നത്. നഗരഹൃദയത്തിലൂടെ എന്ത് ആവശ്യത്തിനും സൈക്കിളില്‍ യാത്ര ചെയ്യുന്നതാണ് രവിയേട്ടന്റെ പ്രത്യേകത തന്റെ യവ്വനത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം സൈക്കിള്‍ ചവിട്ടാണെന്ന് 51 കാരനായ രവീന്ദ്രന്‍ എന്ന രവിയേട്ടന്റെ അഭിപ്രായം. 1978- ല്‍ ബോംബെയിലെ ഗ്രാമാന്തരീക്ഷമുള്ള പവായ് മേഖലയില്‍ ജോലിയും പഠിപ്പുമായുള്ള കാലഘട്ടം മുതലേ സൈക്കിളുമായി ചങ്ങാത്തം ആരംഭിച്ചതാണ്. അക്കാലത്തെ പ്രസിദ്ധമായ റാലി സൈക്കിളിലായിരുന്നു അദ്ദേഹത്തിന്റെ ബോംബെയിലെ യാത്രകള്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് റോഡുകളില്‍ മറ്റ് വാഹനങ്ങള്‍ മതിയായ പരിഗണന നല്കുന്നില്ലെന്ന ഒരു പരാതിയുമുണ്ട് അദ്ദേഹത്തിന്. പോലിസ് ചെക്കിങ്ങ് ഇല്ലെന്നത് ഒരു അനുഗ്രഹമായിട്ടാണ് ഇദ്ദേഹം നോക്കി കാണുന്നത്. യുവതലമുറ വീണ്ടും സൈക്കിള്‍ യുഗത്തിലേയ്ക്ക് വരണമെന്ന അഭിപ്രായവും നഗരങ്ങളില്‍ ട്രാഫിക് കുരുക്കുകള്‍ ഒഴിവാക്കാന്‍ സൈക്കിള്‍ യാത്ര ഒരു ഉപാധി ആണെന്നും രവിയേട്ടന്‍ പറയുന്നു.


സീബ്ര ലൈന്‍ പാര്‍ക്കിങ്ങ് തുടരുന്നു

 14092201ഇരിങ്ങാലക്കുട: നഗരസഭ ബസ്‌ സ്റ്റാന്‍ഡിന് സമീപം ഏറെ തിരക്കുള്ള കൂടല്‍മാണിക്യം റോഡിലുള്ള കോംപ്ലക്സിന് മുന്നിലൂടെ ബസ്‌ സ്റ്റാന്‍ഡിലേയ്ക്ക് കാല്‍ നടക്കാര്‍ക്ക് തടസ്സമില്ലാതെ പോകുവാന്‍ വേണ്ടി കഴിഞ്ഞ ദിവസം സീബ്ര ലൈന്‍ ദീര്‍ഘിപ്പിച്ചു. എന്നാല്‍ സീബ്ര ലൈനിന് മേലെ ഒരു മര്യാദയുമില്ലാത്ത രീതിയില്‍ ഇരുചക്ര വാഹനക്കാര്‍ പാര്‍ക്കിങ്ങ് തുടരുകയാണ്. ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് വരുന്നവര്‍ക്ക് റോഡ്‌ മുറിച്ചു കടക്കാന്‍ ഇതുമൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. സീബ്ര ലൈനിലെ പാര്‍ക്കിങ്ങ് നിയമ വിരുദ്ധമാണെന്നും ഇതിനെതിരെ നടപടി എടുക്കുമെന്നും പോലിസ് അറിയിച്ചു.


മംഗള്‍യാന്‍ ദൗത്യത്തിന് ആശംസകളേകി എസ് എന്‍ സ്‍കൂള്‍

14092208ഇരിങ്ങാലക്കുട: ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാന്‍ പദ്ധതിക്ക് ആശംസകളും പ്രാര്‍ത്ഥനകളുമായി എസ് എന്‍ സ്‌കൂളിലെ മാനേജ്മെന്റും, അധ്യാപകരും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തയ്യാറാക്കിയ ആശംസാപത്രം ഐ എസ് ആര്‍ ഓ യിലേക്ക് അയച്ചു.


സത്യജിത് റായിയുടെ ‘പഥേര്‍ പാഞ്ചാലി ’ പ്രദര്‍ശിപ്പിക്കുന്നു

14092207ഇരിങ്ങാലക്കുട: കേരള സംഗീത നാടക അക്കാദമിയുടെ പ്രതിവാര / പ്രതിമാസ പരിപാടിയുടെ ഭാഗമായി, ഇന്നര്‍സ്പേസ് ലിറ്റില്‍ തിയേറ്റര്‍ അവതരിപ്പിക്കുന്ന നാലാമത് പ്രതിമാസ ചലചിത്രാവതരണമായി, വിശ്രുത ചലച്ചിത്രകാരനായ സത്യജിത് റായിയുടെ, പ്രശസ്തചിത്രമായ ‘പഥേര്‍ പാഞ്ചലി’, സെപ്റ്റംബര്‍ 24, ബുധനാഴ്ച, വൈകീട്ട്, 6.45-ന്, ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ, ‘വാള്‍ഡനില്‍ വെച്ച്, പ്രദര്‍ശിപ്പിക്കുന്നു. 1955-ൽ ഇറങ്ങിയ പഥേര്‍ പാഞ്ചലി, ഇന്ത്യന്‍ സിനിമക്ക്, അന്തര്‍ദ്ദേശീയ തലത്തില്‍ അംഗീകാരം നേടിക്കൊടുത്ത ആദ്യ ചലച്ചിത്രമാണ്. സത്യജിത് റായി എന്ന യുവസംവിധായകനെ, പ്രശസ്തിയുടെ കൊടുമുടിയിലേക്കുയര്‍ത്തിയ ഈ ചിത്രം, 1955-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും, 1956ല്‍ , കാന്‍ ചലച്ചിത്രമേളയില്‍, ‘ബെസ്റ്റ് ഹ്യുമന്‍ ഡോക്യുമെന്റ്‘ അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. ഇന്ത്യയിലെ, ‘സമാന്തര സിനിമാ’ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ചിത്രം എന്ന നിലയിലും, പഥേര്‍ പാഞ്ചലി ശ്രദ്ധേയമായി. ബംഗാളി സാഹിത്യകാരനായ ബിഭൂതിഭൂഷന്‍ ബന്ദോപാദ്ധ്യായയുടെ, അതേ പേരുള്ള നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം, ദരിദ്രമായ ഒരു ബംഗാളി ഗ്രാമീണ കുടുംബത്തിന്റെ ജീവിതകഥ, യാഥാതഥ്യരീതിയില്‍ (realism), അവതരിപ്പിക്കുന്നു. കുട്ടികളായ ദുര്‍ഗ്ഗയും, അനിയന്‍ അപുവും, ഇന്ത്യന്‍ സിനിമയിലെ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളാണ്. അപുവിന്റെ കഥ തുടര്‍ന്നുപറയുന്ന ‘അപരാജിതൊ,‘ ‘അപുര്‍ സന്‍സാര്‍,‘ എന്നീ ചിത്രങ്ങള്‍ കൂടി റായി പിന്നീട് നിര്‍മ്മിച്ചിട്ടുണ്ട്.


ആശ്രയപദ്ധതി ഉദ്ഘാടനം ചെയ്തു

14092205പൂമംഗലം: പൂമംഗലം ഗ്രാമപഞ്ചായത്തിലെ ആശ്രയപദ്ധതിയുടെ ഉദ്ഘാടനം “ഗുണഭോക്താക്കള്‍ക്ക് `പോഷകാഹാരകിറ്റ് ” വിതരണം ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ജോസ് മൂഞ്ഞേലി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വത്സല ബാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ കെ ബാലന്‍ ,പി എസ് ലീന ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരി ഇരിങ്ങാലക്കുട എന്നിവര്‍ സംസാരിച്ചു.


പ്രകൃതിക്ഷോഭത്തില്‍ വീടുനഷ്ടപ്പെട്ട കണ്ണന് സര്‍ക്കാര്‍ ധനസഹായം

14092206ഇരിങ്ങാലക്കുട: പ്രകൃതിക്ഷോഭത്തില്‍ പൂര്‍ണ്ണമായും വീട് തകര്‍ന്ന മുകുളം ശിവരാമന്റെ മകന്‍ കണ്ണന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. പ്രകൃതിക്ഷോഭം മൂലം വീട് തകര്‍ന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന 2 ലക്ഷം രൂപയില്‍ ആദ്യഗഡു 70,000 രൂപയുടെ ചെക്ക് അഡ്വ. തോമസ് ഉണ്ണിയാടന്‍ എം എല്‍ എ കണ്ണന്റെ വീട്ടിലെത്തി കൈമാറി. ഡെപ്യൂട്ടി തഹസില്‍ദാര്‍ മധു, വില്ലേജ് ഓഫീസര്‍ സണ്ണി, മുരിയാട് പഞ്ചായത്തംഗം തോമസ് തൊകലത്ത് എന്നിവരും എം.എല്‍.എ.യോടൊപ്പം ഉണ്ടായിരുന്നു.


ഗവ .ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സൈക്കിള്‍ ദിനം ആചരിച്ചു

14092204ഇരിങ്ങാലക്കുട: ഗവ .ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദേശിയ സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു സുനില്‍ ,വി എച്ച് എസ് സി പ്രിന്‍സിപ്പാള്‍ ഹേന, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രെസ്സ് മോളി കെ വി ,അബ്ദുള്‍ ഹക്ക്, എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ ബിന്ദു ഉണ്ണികൃഷ്ണൻ എന്നിവര്‍ നേതൃത്വം നല്‍കി.


ആദിവാസികളുടെ നില്‍പ്പ് സമരത്തിന് പിന്തുണയുമായി വിദ്യാര്‍ത്ഥികള്‍

14092202ഇരിങ്ങാലക്കുട: സെക്രട്ടറിയേറ്റിന്റെ മുന്നില്‍ രണ്ടര മാസമായി തുടരുന്ന ആദിവാസികളുടെ നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിങ്ങാലക്കുടയിലെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. 150 തോളം വിദ്യാര്‍ത്ഥികള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ നിവേദനങ്ങള്‍ അനില്‍ സേതുമാധവന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട എം എല്‍ എ അഡ്വ തോമസ് ഉണ്ണിയാടന് നല്കി . സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വിദ്യാര്‍ഥികള്‍ ഇത്തരമൊരു സംരഭത്തിന് തയ്യാറായത്.


ഗവ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ളിക്കേഷന്‍ കോഴ്സിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

14092010ഇരിങ്ങാലക്കുട: കേരള സര്‍ക്കാര്‍ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ സബ് സെന്ററായ ഇരിങ്ങാലക്കുട ബോയ്സ് മോഡല്‍ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ളിക്കേഷന്‍ കോഴ്സിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കാലാവധി 6 മാസം ,യോഗ്യത എസ് എസ് എല്‍ സി ,കോഴ്സ് ഫീ- 6000 രൂപ .അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 10 .കൂടുതല്‍ വിവരങ്ങള്‍ക്ക് – 9605332214, 0480-2833373.


കലാനിലയം ഭരണസമിതി തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് വിജയം

14092012ഇരിങ്ങാലക്കുട : ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തിന്റെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് വിജയം .  തിരഞ്ഞെടുപ്പ് 5 മണിക്ക് സമാപിച്ചു. ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു . 5 വരെ 70% വോട്ട് രേഖപെടുത്തി .  721 വോട്ടര്‍മാരില്‍  505  പേര്‍  വോട്ട് ചെയ്തു . 5 അസാധു .   ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് 322,  സേവ് കലാനിലയം മൂവ്മെന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക്  176 വോട്ട്  എന്ന നിലയിലാണ് പാനല്‍ വോട്ട് .  ഐക്യ ജനാധിപത്യ മുന്നണിസ്ഥാനാര്‍ത്ഥികളായ കെ രാജഗോപാല്‍ ,സതിഷ് വിമലന്‍ ,എം ശ്രീകുമാര്‍ ,കെ നരേന്ദ്ര വാരിയര്‍ ,റോയ് ജോസ് പൊറത്തൂക്കാരന്‍ ,കെ എസ് പത്മനാഭന്‍ ,ടി എം മുകുന്ദന്‍ ,കെ എന്‍ ഗിരീഷ്‌, ടി എ രാമന്‍ ,ടി കെ വര്‍ഗ്ഗീസ് ,വിജയന്‍ ചിറ്റെത്ത് ,എം ബി പുഷ്ക്കരന്‍ മാസ്റ്റര്‍ , എ ആര്‍ ജയചന്ദ്രന്‍ , പി കെ പ്രസാദ്,കെ ഇന്ദിരാദേവി എന്നിവര്‍ക്ക് വിജയം.


ശ്രീനാരായണ ഗുരു സമാധി ആചരിച്ചു

14092107ഇരിങ്ങാലക്കുട: ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനാചരണം എസ്‌.എന്‍.ഡി.പി മുകുന്ദപുരം യൂണിയനിലും ശാഖ യോഗങ്ങളിലും, ശ്രീനാരായണ സ്ഥാപനങ്ങളിലും ആചരിച്ചു. യൂണിയന്‍ ആസ്ഥാനത്തെ ഗുരുദേവ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജയും, സമൂഹപ്രാര്‍ത്ഥനയും, ഉപവാസവും നടന്നു. യൂണിയന്‍ പ്രസിഡന്റ്‌ സന്തോഷ്‌ ചെറാക്കുളം, സെക്രട്ടറി പി.കെ പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യോഗം കൗണ്‍സിലര്‍ കെ.കെ ബിനു, വൈസ്‌ പ്രസിഡന്റ്‌ എം.കെ സുബ്രഹ്മണ്യന്‍, സമാജം പ്രസിഡന്റ്‌ സി.ഡി പ്രവികുമാര്‍ തുടങ്ങി നിരവധി പേര്‍ ഉപവാസത്തില്‍ പങ്കെടുത്തു. ഉപവാസത്തിന്‌ ശേഷം കഞ്ഞിയും പുഴുക്കും വിളമ്പി. എസ്‌.എന്‍.ബി.എസ്‌ സമാജം ഗുരുമന്ദിരത്തില്‍ ഗുരുപൂജയും, അര്‍ച്ചനയും, ഉപവാസവും നടന്നു. ഗുരുദേവ കൃതികളുടെ പാരായണവും, പ്രഭാഷണവും ഉണ്ടായി. ഐക്കരക്കുന്ന്‌ ശാഖയില്‍ പ്രാര്‍ത്ഥനാ യോഗത്തിന്‌ സെക്രട്ടറി പി.കെ കുമാരന്‍, പ്രസിഡന്റ്‌ കൃഷ്‌ണകുമാര്‍, സല്‍ഗു കോമ്പാത്ത്‌, നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൊറത്തിശ്ശേരി ശാഖയില്‍ നടന്ന സമൂഹാര്‍ച്ചനയ്‌ക്കും, പ്രാര്‍ത്ഥനയ്‌ക്കും പ്രസിഡന്റ്‌ കെ.സി മോഹന്‍ലാല്‍, സെക്രട്ടറി കെ.ആര്‍ സുനില്‍കുമാര്‍, ഇ.വി സുജിത്ത്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചേലൂര്‍ ശാഖയില്‍ പ്രസിഡന്റ്‌ ശശി വെട്ടത്ത്‌, സെക്രട്ടറി ജിവന്‍ കെ.എസ്‌, അനില്‍കുമാര്‍ പൂവ്വത്തുംകടവില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പി.ആര്‍ രാജഗോപാല്‍ ഗുരുദേവ പ്രഭാഷണം നടത്തി. അരിപ്പാലം എസ്‌.എന്‍.ഡി.പി ശാഖയുടെ നേതൃത്വത്തില്‍ നടന്ന ദിനാചരണത്തിന്‌ രാധ ടീച്ചര്‍ അണ്ടിക്കോട്ട്‌ സന്ദേശം നല്‍കി. ശാഖ പ്രസിഡന്റ്‌ ടി.എസ്‌ പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജയന്‍ തുമ്പരത്തി, പുഷ്‌പരാജ്‌, കെ.കെ ജോഷി ഷീബ അനില്‍, രവിലാല്‍, സുനി ചാര്‍ത്താംകുടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


ജയിലില്‍ ലഹരി വിരുദ്ധസന്ദേശവുമായി വിദ്യാര്‍ത്ഥിനികള്‍

14092104ഇരിങ്ങാലക്കുട: ലഹരി വിരുദ്ധ സന്ദേശവുമായി വിദ്യാര്‍ത്ഥിനികള്‍ സബ്ബ്‌ ജയില്‍ സന്ദര്‍ശിച്ചു. ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്‌സ്‌ കോളേജിലെ വിദ്യാര്‍ത്ഥിനികളാണ്‌ ഇരിങ്ങാലക്കുട സബ്ബ്‌ ജയില്‍ സന്ദര്‍ശിച്ച്‌ ലഘുനാടകം, കവിതകള്‍, ചെറുകഥകള്‍, ഗാനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ അവതരിപ്പിച്ചത്‌. ഫാ. ജോമി തോട്ടിയാന്‍, കോളേജിലെ ജേണലിസം അദ്ധ്യാപകരായ ഷിജു മറിയം ജേക്കബ്ബ്‌, ദിവ്യാ ജോസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ വിദ്യാര്‍ത്ഥിനികള്‍ ജയിലിലെത്തിയത്‌. ജയില്‍ സൂപ്രണ്ട്‌ കെ.എ പൗലോസ്‌, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.ജെ ജോണ്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി ജയരാമന്‍, ഓഫീസര്‍മാരായ സി.എസ്‌ അനിഷ്‌, കെ.വൈ ജിജോ, വി.വി ശിവദാസന്‍, ടി.വി റിനോയ്‌, അഡ്വ. ബിജു ടി.ഡി തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.


Top