കലയോടുള്ള അങ്ങേയറ്റത്തെ അഭിനിവേശം പഠനകാലം മുതൽ ഉണ്ടായിരുന്ന വ്യക്തിയാണ് കലാനിലയം ഗോപിനാഥൻ എന്ന് മന്ത്രി ഡോ ആർ ബിന്ദു – പ്രഥമ ‘ഗോപിനാഥം’ പുരസ്കാരം കലാമണ്ഡലം ശിബി ചക്രവർത്തിക്ക് സമ്മാനിച്ചു

ഇരിങ്ങാലക്കുട : കലാനിലയത്തിൽ പഠിക്കുന്ന കാലം മുതൽ മുതിർന്ന കലാകാരന്മാർ അവതരിപ്പിക്കുന്നത് എല്ലാം ശ്രദ്ധ്യയോടെ വീക്ഷിക്കാൻ വിദ്യാർത്ഥിയായ ഗോപിനാഥന് ആഗ്രഹമുണ്ടായത് തീർച്ചയായും ആ കലയോടുള്ള അങ്ങേയറ്റത്തെ അഭിനിവേശമായിരിക്കും എന്ന് അന്ന് തോന്നിയിരുന്നെന്നു മന്ത്രി ഡോ ആർ ബിന്ദു അനുസ്മരിച്ചു.

കഥകളി നടനും ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിലെ മുഖ്യ വേഷം അധ്യാപകനും ആയിരുന്ന കലാനിലയം ഗോപിനാഥൻ വിടപറഞ്ഞിട്ട് രണ്ടു വർഷം പിന്നിടുന്ന അവസരത്തിൽ അദ്ദേഹത്തിൻ്റെ സ്മരണയിൽ ശിഷ്യർ ഒത്തുചേർന്ന് “ഗോപിനാഥം – ഓർമകളിലേയ്ക്കൊരു തിരനോക്ക്” എന്ന പരിപാടി കലാനിലയത്തിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഉണ്ണായി വാര്യർ സ്മാരക കലാനിലയം സെക്രട്ടറി സതിഷ് വിമലൻ അധ്യക്ഷനായിരുന്നു.



കലാനിലയം രാജീവ് വരച്ച ഗോപിനാഥ് ആശാന്റെ ഛായാചിത്രം മന്ത്രി അനാശ്ചാദനം ചെയ്തു. തുടർന്ന് കലാനിലയം ഗോപിനാഥൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ ‘ഗോപിനാഥം’ പുരസ്കാരം കലാമണ്ഡലം ശിബി ചക്രവർത്തിക്ക് ഡോ. സദനം കൃഷ്ണൻകുട്ടി ആശാൻ ചടങ്ങിൽ സമ്മാനിച്ചു.

പ്രൊഫ. സാവിത്രി ലക്ഷമണൻ മുഖ്യാതിഥിയായിരുന്നു. കഥകളി നടനും നിരൂപകനുമായ എം മുരളീധരൻ ‘ഗോപിനാഥൻ കലാകാരനും വ്യക്തിയും’ എന്ന വിഷയത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി .

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ ടിവി ചാർളി, ഡോക്ടർ പിഷാരടി സ്മാരക കഥകളി ക്ലബ് പ്രസിഡന്റ് രമേശൻ നമ്പീശൻ , കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗം അപ്പുക്കുട്ടൻ സ്വരലയം , കഥകളി സംഘാടകൻ അനിയൻ മംഗലശ്ശേരി , ആട്ട കഥാകൃത്ത് ടി വേണുഗോപാൽ , കഥകളി ആർട്ടിസ്റ്റ് അസോസിയേഷൻ സെക്രട്ടറി കലാമണ്ഡലം മനേഷ് എം പണിക്കർ , കലാമണ്ഡലം പ്രഷീജ ഗോപിനാഥൻ എന്നിവർ സംസാരിച്ചു .



കഥകളിയിലെ എല്ലാതരം വേഷങ്ങളും ഉജ്ജ്വലമായി അവതരിപ്പിച്ചിരുന്ന കലാനിലയം ഗോപിനാഥൻ കലാനിലയം കളരിക്ക് പുറത്തും നിരവധി ശിഷ്യരെ വാർത്തെടുത്തിരുന്നു. 55-ാം വയസ്സിൽ രോഗബാധയെ തുടർന്നാണ് ഗോപിനാഥൻ വിടപറഞ്ഞത്. സ്മൃതി സംഗമത്തിൽ ഗോപിനാഥന്റെ ഗുരുസ്ഥാനീയരും സഹപാഠികളും സഹപ്രവർത്തകരും ശിഷ്യരും സുഹൃത്തുക്കളും ഒത്തുചേർന്നു.

ക്ഷമ രാജയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സി വിനോദ് കൃഷ്ണൻ സ്വാഗതവും കലാനിലയം മനോജ് നന്ദിയും പറഞ്ഞു. തുടർന്ന് കഥകളി കുചേലവൃത്തം അരങ്ങേറി. ഉണ്ണായി വാരിയർ സ്മാരക കലാനിലയം ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകൾ എന്നിവരുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page