തിരനോട്ടം ‘അരങ്ങ് 2026’ ഉണർന്നു

ഇരിങ്ങാലക്കുട : പ്രവാസി മലയാളികളുടെ കൂട്ടായ്മയായ തിരനോട്ടം ഒരുക്കുന്ന “അരങ്ങ് 2026″ൻ്റെ ദ്വിദിന പരിപാടികൾക്ക് ഭാരതീയവിദ്യാഭവൻ ഓഡിറ്റോറിയത്തിൽ സമാരംഭമായി. അക്കിത്തിരിമാരുടെ മരണാനന്തര സംസ്കാരത്തിനുശേഷം നടക്കാറുള്ള ദശമം കൂത്തിൻ്റെ അപൂർവ്വ രംഗാവതരണം ഏറെ പുതുമ നിറഞ്ഞതായിരുന്നു. ഡോക്ടർ അപർണ്ണ നങ്ങ്യാരും സംഘവും അവതരിപ്പിച്ച ‘സന്താനഗോപാലം ദശമംകൂത്ത്’ ആദ്യമായാണ് ഇരിങ്ങാലക്കുടയിൽ അരങ്ങേറിയത്.



ഉച്ചയ്ക്ക്, അപൂർവ്വമായി മാത്രം രംഗത്ത് അവതരിപ്പിക്കാറുള്ള ‘നാലുനോക്ക് പുറപ്പാടും’ ‘ഇരട്ടമേളപ്പദവും’ സംഗീതമേളസാന്ദ്രമായിരുന്നു. തുടർന്ന് കഥകളിയിലെ വ്യാകരണനിബദ്ധവും സമ്പൂർണ്ണവുമായ ‘കാലകേയവധം’ കഥകളി ആസ്വാദകരുടെ മനസ്സ് കവർന്നു.



രാവിലെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് തിരനോട്ടം പ്രവർത്തകർ ഒത്തുചേർന്നു. സമാരംഭസദസ്സിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി. എ. നായർ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, ക്രൈസ്റ്റ് കോളേജ് ഐ.കെ.എസ് (IKS) സെൽ കോ-ഓർഡിനേറ്റർ ഡോക്ടർ വിനീത ജയകൃഷ്ണൻ, അമ്മന്നൂർ ഗുരുകുലം പ്രസിഡന്റ് കലാമണ്ഡലം രാജീവ് എന്നിവർ ആശംസകൾ നേർന്നു. കഥകളി ക്ലബ്ബ് ജോയിൻ്റ് സെക്രട്ടറി പ്രദീപ് ആമുഖഭാഷണം, സെക്രട്ടറി അഡ്വക്കേറ്റ് രാജേഷ് തമ്പാൻ സ്വാഗതവും, തിരനോട്ടം ട്രഷറർ ശശികുമാർ തോട്ടുപുറം കൃതജ്ഞതയും രേഖപ്പെടുത്തി.



ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സംഘാടനത്തിൽ, ക്രൈസ്റ്റ് കോളേജ് ഐ.കെ.എസ് സെല്ലിൻ്റേയും ഭാരതീയ വിദ്യാഭവൻ്റേയും സഹകരണത്തോടെയാണ് ‘അരങ്ങ് 2026’ പരിപാടികൾ സംഘടിപ്പിക്കുന്നത്.



രണ്ടാംദിനം ഞായറാഴ്ച പരിപാടികൾ കലാമണ്ഡലം സംഗീതയുടെ മോഹിനിയാട്ടക്കച്ചേരിയോടെ ആരംഭിക്കും. തുടർന്ന് കലാമണ്ഡലം ഒരുക്കുന്ന ‘ഭഗവദജ്ജുകം’ കൂടിയാട്ടവും, വൈകീട്ട് നാലിന് ‘നിഴൽകുത്ത്’ കഥകളിയും അരങ്ങേറും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page