ഇരിങ്ങാലക്കുട : കേരളീയ പാരമ്പര്യകലകളുടെ നിലനിൽപ്പും പ്രചരണവും ഉന്നമനവും ലക്ഷ്യമിട്ട് നൂതനവും വൈവിദ്ധ്യ ങ്ങളുമായ കലാപ്രവർത്തനങ്ങൾ ദുബായിലും കേരളത്തിലും തുടർച്ചയായി നടത്തിവരാറുള്ള ‘തിരനോട്ടം’ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി ഓഗസ്റ്റ് 11ന് ഇരിങ്ങാലക്കുടയിൽ അരങ്ങുണർത്തുന്നു.
കലാവതരണങ്ങളിൽ മാത്രമല്ല, കലാകാരന്മാരെ ആദരിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സഹായങ്ങൾ നൽകിവരുന്നതിലും തിരനോട്ടം ശ്രദ്ധപുലർത്തിവരുന്നുണ്ട്. കലാരംഗത്ത് നിസ്‌തുലസംഭവനകൾ നല്‌കിയ മുതിർന്ന കലാകാരന്മാർക്കുള്ള ‘ഗുരുദക്ഷിണ’ ഇത്തവണ കഥകളി സംഗീതജ്ഞൻ കോട്ടക്കൽ ഗോപാലപ്പിഷാരടി, ചുട്ടി വിദഗ്ദ്‌ധൻ കലാനിലയം പരമേശ്വരൻ എന്നീ മഹാപ്രതിഭകൾക്ക് നൽകി ആദരിക്കുന്നു.
ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്‌മാരക കഥകളി ക്ലബ്ബുമായി കൈകോർത്തുകൊണ്ട് ക്ലബ്ബിന്റെ സുവർണ്ണജൂബിലി ആഘോഷപരിപാടിയായ ‘സുവർണ്ണ’ ത്തിൻ്റെ ഭാഗമായിട്ടാണ് ഇത്തവണ ‘അരങ്ങ് 2024’ സംഘടിപ്പിക്കുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 11 ഞായറാഴ്‌ച രാവിലെ 9.30ന് ആരംഭിക്കുന്ന ‘അരങ്ങി’ൽ ഗുരുദക്ഷിണയ്ക്കു പുറമേ ‘ദുര്യോധനവധം’ കഥകളിയുടെ സമ്പൂർണ്ണാവതരണവും ഉൾപ്പെടുത്തിയിരിക്കുന്നതായി ഭാരവാഹികൾ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കലാമണ്ഡലം മേജർസെറ്റ് അവതരിപ്പിക്കുന്ന ഈ ‘ദുര്യോധനവധം’ കഥകളിക്ക് നടപ്പിലുള്ള അവതരണരീതികളിൽനിന്നും വ്യത്യസ്‌തമായി, ആട്ടക്കഥാകൃത്ത് ശ്രീ വയസ്ക്‌കര ആര്യൻ മുസ്സ് രചിച്ച ആട്ടക്കഥയുടെ ആദ്യാവസാനം സമ്പൂർണ്ണമായി അവതരിപ്പിക്കുന്നു എന്ന അത്യപൂർവ്വമായ പ്രത്യേകതകൂടിയുണ്ട്. പത്തുമണിക്കൂറിലധികം നീണ്ടുനിൽക്കുന്ന ഈ ബൃഹത് അവതരണത്തിൽ എഴുപതിലധികം കലാകാരന്മാർ പങ്കെടുക്കും. ഒരു ആട്ടക്കഥയുടെ അവതരണത്തിനായി ഇത്രയധികം കലാകാരന്മാർ ഒരുമിച്ചു പങ്കെടുക്കുന്ന കഥകളി വേറെ ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നതെന്ന് സംഘാടകർ അറിയിച്ചു.
പതിനൊന്നിന് രാവിലെ 9.30ന് തിരനോട്ടം പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ ‘അരങ്ങ് 2024’ന് ഉദ്‌ഘാടനം നിർവഹിക്കും.
കഥകളി അവതരണത്തിനും വൈകീട്ട് 4.30ന് നടക്കുന്ന ‘ഗുരുദക്ഷിണ’ ചടങ്ങിനും കലാമണ്ഡലം വൈസ് ചാൻസിലർ ഡോക്ടർ ബി അനന്തകൃഷ്‌ണൻ, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് എന്നിവർ സന്നിഹിതരായിരിക്കും. ടിക്കറ്റ് ഇല്ലാതെ സൗജന്യമായാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്.
പി എസ് രാമസ്വാമി, ശശികുമാർ, അനിയൻ മംഗലശ്ശേരി, രമേശൻ നമ്പീശൻ, എ.എസ്. സതീശൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com