എഴുത്ത് : ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല ജൂൺ 22ന് (മിഥുനം 8 )തുടങ്ങുന്നു- പ്രകൃതിയും കൃഷിയും പാരമ്പര്യവും ഒത്തുചേരുന്ന കേരളത്തിന്റെ മഴയുത്സവം. വലിയതോതിൽ മഴക്കുറവ് പ്രവചിക്കപ്പെട്ടിട്ടുള്ള നിലവിലെ കാലവർഷത്തിൽ ഞാറ്റുവേലയും ദുർബലമാകുമോ എന്ന് പറകവയ്യ. പക്ഷെ കാലവർഷത്തിന്റെ കനത്ത മഴ ആഘോഷമാക്കിയിരുന്ന തിരുവാതിര ഞാറ്റുവേലകൾ നമുക്കുണ്ടായിരുന്നു. അതിന്ടെ ഓർമ്മകളാണിവിടെ കുറിക്കുന്നത്.
വയലാറിന്റെ “ഞാറ്റുവേലയ്ക്ക് ഞാൻ നട്ട പിച്ചകം …..” എന്ന് തുടങ്ങുന്ന വരികൾ ഞാറ്റുവേലയുടെ ആശയം മനോഹരമായി വരച്ചുകാട്ടുന്നു. പിച്ചകം മാത്രമല്ല ഉണക്കക്കമ്പും ഞാറ്റുവേലയ്ക്ക് നട്ടാൽ കിളിർക്കും. ചെത്തി, ചെമ്പരത്തി, റോസ്, അടുക്കളത്തോട്ട സസ്യങ്ങ ൾ മുതലായവ കൈമാറുന്നത് അന്നത്തെ ഞാറ്റുവേലക്കാലത്തെ ഒരു പതിവായിരുന്നു. സ്കൂൾ ബാഗിലോ ചോറ്റുപാത്രത്തിലോ ഒക്കെ ഒളിപ്പിച്ചു വച്ചാണ് ഈ “കള്ളക്കടത്തു” നടത്താറ്. കാലം പോയപ്പോൾ കഥകളും മാറി. ക്രമേണ ഞാറ്റുവേലയെക്കുറിച്ചുള്ള അവബോധം മാധ്യമ സംപ്രേഷണങ്ങളി ലൊതുങ്ങി.
തിരുവാതിര ഞാറ്റുവേലയുടെ കഥ
ഞായറിൻടെ (സൂര്യന്ടെ പര്യായം) വേളയാണ് ഞാറ്റുവേല. മേടം മുതൽ മീനം വരെയുള്ള മലയാള കാർഷിക വർഷം അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേര് നൽകി 27 ഞാറ്റുവേലകളായി വിഭജിച്ചിരിക്കുന്നു. ഓരോ ഞാറ്റുവേല സമയത്തും (13 മുതൽ 15 ദിവസം വരെ) സൂര്യൻ അതത് നക്ഷത്രത്തിന്റെ മേഖലയിലൂടെ സഞ്ചരിക്കുന്നു എന്നാണ് പരമ്പരാഗത വിശ്വാസം. അങ്ങിനെ സൂര്യൻ തിരുവാതിര നക്ഷത്രത്തിനടുത്തെത്തുമ്പോഴാണ് തിരുവാതിര ഞാറ്റുവേല ആരംഭിക്കുന്നത്. ഏതാണ്ട് രണ്ടാഴചയാണ് തിരുവാതിര ഞാറ്റുവേലയുടെ കാലയളവ്. 27 ഞാറ്റുവേലകളിൽ പത്തോളം മഴക്കാലവുമായി ബന്ധപ്പെട്ടവയാണ്. പ്രത്യേകതകളും കാർഷിക പ്രാധാന്യവും കൊണ്ട് തിരുവാതിര ഞാറ്റുവേല ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നു. കാലക്രമേണ ‘ഞാറ്റുവേല’ എന്ന പദം തന്നെ തിരുവാതിര ഞാറ്റുവേലയുടെ പര്യായമായി മാറിയിരിക്കുന്നു.
കാർഷിക സമൃദ്ധിയുടെ കാലം
ഊർജസ്വലയാണ് തിരുവാതിര. അതിനാൽ തന്നെ തിരുവാതിര ഞാറ്റുവേലയിലെ മഴ മണ്ണിന്റെ വളക്കൂറും, വിളകളുടെ രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടുത്തുന്നു. ഈ വെള്ളം പാഴായി ഒഴുകിപ്പോകാതെ കൃഷിയിടങ്ങളിൽ തടംകെട്ടി നിറുത്തുന്നു. കേരളത്തിന്റെ തനത് വിളകളായ കുരുമുളക് പോലുള്ളവയുടെ വളർച്ചയ്ക്ക് ഞാറ്റുവേല നിർണായകമാണെന്ന് കർഷകർ വിശ്വസിക്കുന്നു. കുരുമുളക് വള്ളികൾ വിദേശത്തേക്ക് കൊണ്ടുപോയെങ്കിലും ഞാറ്റുവേലയുടെ അഭാവത്തിൽ അവിടെ അവ വളരാതെ പോയെന്നുള്ള ഒരു കഥ പറഞ്ഞുകേട്ടിട്ടുണ്ട്. മഴയുണ്ടായാലും ഇല്ലെങ്കിലും നമ്മുടെ ഈ കാര്ഷികപരമ്പര്യം നഷ്ടപ്പെടാതെ നിലനിൽക്കട്ടെ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





