എസ് എ ഇ ടു-വീലർ ചലഞ്ചിൽ മികച്ച നേട്ടവുമായി ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ്

ചെന്നൈ : ഓട്ടോ മൊബൈൽ രംഗത്തെ പ്രഫഷനലുകളുടെ രാജ്യന്തര സംഘടനയായ സൊസൈറ്റി ഓഫ് ഓട്ടോമോറ്റീവ് എഞ്ചിനീയർസ് (എസ് എ ഇ) ഇന്ത്യയുടെ സൗത്തേൺ സെക്ഷൻ നടത്തിയ ഇലക്ട്രിക് ഇരു ചക്ര വാഹനങ്ങളുടെ ദേശിയ മത്സരത്തിൽ തിളങ്ങി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ.

ചെന്നൈയിൽ നടന്ന രണ്ടു ദിന മത്സരത്തിൽ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് മാറ്റുരച്ചത്. ഇതിൽ ‘പാന്തർ’ എന്ന വാഹനത്തിന്‌ ഓൾ ഇന്ത്യ തലത്തിൽ ഒൻപതാം സ്ഥാനവും കേരളത്തിൽ നിന്നുള്ള ടീമുകളിൽ മൂന്നാം സ്ഥാനവും ലഭിച്ചു.

വാഹനങ്ങളുടെ ദൂര ദൈർഘ്യം പരിശോധിക്കുന്ന എൻഡ്യൂറൻസ് റൗണ്ടിൽ ദേശിയ തലത്തിൽ രണ്ടാം സ്ഥാനവും പാന്തർ കരസ്തമാക്കി. കോളേജിൽ നിന്നുള്ള മറ്റൊരു ടീമായ സീയൂസ് എല്ലാ ടെസ്റ്റുകളും വിജയകരമായി പൂർത്തിയാക്കി സജീവ സാനിധ്യം തെളിയിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ ചേർന്നാണ് മൂന്ന് മാസം കൊണ്ട് ഈ രണ്ടു സ്കൂട്ടറുകളും നിർമിച്ചെടുത്തത്.

സംഘടനയുടെ ദക്ഷിണേന്ത്യയിലെ മികച്ച പ്രവർത്തകരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അദ്ധ്യാപകൻ ഡോണി ഡോമിനികിന്റെ നിർദേശാനുസരണം ടീം ക്യാപ്റ്റന്മാരായ ആകാശ് ശാന്റോ, അഹ്മദ് സുഹൈൽ, സിറിൽ ഷിജു എന്നിവരുടെ നേതൃത്വത്തിൽ 10 വിദ്യാർത്ഥികളുടെ രണ്ടു ടീമുകൾ ആയാണ് ഇവർ മത്സരത്തിൽ പങ്കെടുത്തത്. കോളേജിനുള്ളിലെ അധ്യാപകരുടെ സഞ്ചരത്തിനു വേണ്ടി ഈ രണ്ടു സ്കൂട്ടറുകളും കോളേജ് മാനേജ്മെന്റിന് കൈമാറി കുട്ടികൾ മറ്റു വിദ്യാർത്ഥികൾക്ക് മാതൃക ആയി.

രണ്ടു മാസം മുൻപ് നടന്ന ബൈസൈക്കിൾ ഡിസൈൻ ചലഞ്ചിലും കോളേജ് വിദ്യാർത്ഥികൾ വിജയികൾ ആയിരുന്നു. രാജ്യന്തര തലത്തിൽ അറിയപ്പെടുന്ന ബാഹ മത്സരത്തിൽ പങ്കെടുക്കുന്ന ചുരുക്കം ടീമുകളിൽ ഒന്നും ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ നിന്ന് തന്നെ. ടീം അംഗങ്ങളെ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, ജോയിന്റ് ഡയറക്ടർ ഫാ. മിൽനർ പോൾ വിതയത്തിൽ, ഫാ.ജോജോ അരീക്കാടൻ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, അക്കാദമിക് ഡയറക്ടർ ഡോ. മനോജ് ജോർജ് തുടങ്ങിയവർ അഭിനന്ദിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page