ജാതിയുടെ അടിസ്ഥാനത്തിൽ തൊഴിലിൽ നിന്നും മാറി നിൽക്കേണ്ടി വരികയെന്നത് ആധുനിക സമൂഹത്തിന് നിരക്കുന്നതല്ല എന്ന് മന്ത്രി ഡോ. ആർ ബിന്ദു – കുലത്തൊഴിൽ, കുലമഹിമ തുടങ്ങിയ ആശയങ്ങൾ അപ്രസക്തമായ കാലമാണിതെന്നും മന്ത്രി

ഇരിങ്ങാലക്കുട : കൂടൽമാണിക്യ ക്ഷേത്രത്തിൽ കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമാനുസൃതം നിയമനം ലഭിച്ച യുവാവിന് ഔദ്യോഗിക കൃത്യനിർവ്വഹണം സാധ്യമാകാത്ത അവസ്ഥയുണ്ടായത് മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ജാതിയുടെ അടിസ്ഥാനത്തിൽ തൊഴിലിൽനിന്നും മാറി നിൽക്കേണ്ടി വരികയെന്നത് ആധുനികസമൂഹത്തിന് നിരക്കുന്നതല്ല. കുലം, കുലത്തൊഴിൽ, കുലമഹിമ തുടങ്ങിയ ആശയങ്ങൾ അപ്രസക്തമായ കാലമാണിത്. മാല കെട്ടുന്നതിനുപോലും ജാതിയുടെ അതിർവരമ്പ് നിശ്ചയിക്കുന്നത് കാലത്തിന് നിരക്കുന്ന പ്രവൃത്തിയാണോയെന്ന് ബന്ധപ്പെട്ടവർ പുനർവിചിന്തനം ചെയ്യുമെന്ന് കരുതുന്നു.

സംസ്കാരങ്ങളുടെ സംഗമഭൂമിയായാണ് ഇരിങ്ങാലക്കുടയും കൂടൽമാണിക്യക്ഷേത്രവും ഉയർന്നുവന്നതെന്ന ചരിത്രം ആരും വിസ്മരിച്ചുകൂടാ. ജാതീയവിഭജനങ്ങളെ ദൈവചിന്തയ്ക്ക് നിരക്കാത്തതെന്ന പേരിൽ നിരാകരിച്ച ചട്ടമ്പിസ്വാമികളെപ്പോലെ സമൂഹപരിഷ്കർത്താക്കളുടെ പ്രവർത്തനമണ്ഡലമായിരുന്ന ഭൂമിയാണിത്.

ജാതിവിലക്കുകളിൽ കുടുങ്ങി ചരിത്രത്തിൽനിന്നുതന്നെ അപ്രത്യക്ഷമാകുമായിരുന്ന കൂടിയാട്ടം പോലുള്ള ക്ഷേത്രകലകളെ രാജ്യത്തിന്റെ അഭിമാനമായി ലോകജനത മുമ്പാകെ ഉയർത്തിക്കൊണ്ടുവരാൻ ഭേദചിന്തകളെ മായ്ച്ച് ഒരുമിച്ചു നിന്ന് വിജയം കണ്ട മണ്ണാണിത്.

കേരളത്തിൻ്റെ ആധുനിക നവോത്ഥാന പ്രവർത്തനങ്ങളിലെ ശ്രദ്ധേയമായ അധ്യായമായി ഇരിങ്ങാലക്കുട ഉയർന്നത് വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടി നടന്ന കുട്ടംകുളം സമരത്തിലൂടെയാണ് – മന്ത്രി ഡോ. ബിന്ദു ഓർമ്മിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page