രമ്യത്ത് രാമൻ്റെ പ്രഥമ കവിതാ സമാഹാരം “ചിലമിലി” പ്രകാശനം ചെയ്തു

ആനന്ദപുരം : നാടൻപാട്ട് കലാകാരനും, സിനിമാ പിന്നണി ഗാനരചയിതാവും, ഗായകനുമായ രമ്യത്ത് രാമൻ്റെ പ്രഥമ കവിതാ സമാഹാരം “ചിലമിലി ” പ്രകാശനം ചെയ്തു. ആനന്ദപുരത്തുള്ള വീട്ടിൽ വച്ച് നടന്ന പ്രകാശന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് : ജോസ് .ജെ .ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ‘ചിലമിലി ‘ എന്ന കവിതാ സമാഹാരം രമ്യത്തിൻ്റെ അമ്മ അമ്മിണി രാമനിൽ നിന്നും ഏറ്റുവാങ്ങിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.


നാട്ടുഭാഷ പുതുകവിതയിൽ വരുന്നു എന്നത് പ്രതീക്ഷാനിർഭരമായ മാറ്റമാണ്. മുഖ്യധാരയെന്ന് പറയുന്നവർക്ക് മനസ്സിലാവാത്ത നാട്ടുഭാഷാ മലയാളം മോശമാണെന്ന് ധരിക്കരുത്. നമുക്ക് നാട്ടുഭാഷയിൽ ഒരു നിഘണ്ടു ഉണ്ടാവുകയാണ് വേണ്ടത്. കവിത പിറന്നത് വയലിലാണെങ്കിൽ,കർഷകരാണ് അതിന്റെ സ്രഷ്ടാക്കളെങ്കിൽ ,
മലയാള കവിതയുടെ നിറം കറുപ്പാണ്. പുതുകവിതയിൽ സ്ത്രി എഴുത്തുക്കാരുടെ സാന്നിധ്യം പുതുവസന്തം സൃഷ്ടിക്കുമെന്ന് പ്രകാശന വേളയിൽ കവി അഭിപ്രായപ്പെട്ടു.



മുരിയാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിൽ കുമാർ എ എസ്, നിത അർജുനൻ, നാട്ടുകലാകാര കൂട്ടം രക്ഷാധികാരി രമേഷ് കരിന്തലക്കൂട്ടം, നാട്ടുകലാകാര കൂട്ടം സംസ്ഥാന സെക്രട്ടറി ബൈജു തൈവമക്കൾ, യുവകവികളായ ഗണേഷ് പഷ്ണത്ത്, സ്വരാജ് പി ടി, സജീവൻ പ്രദീപ്, കൃഷണൻ സൗപർണ്ണിക ,പ്രകാശ് ചെന്തളം, സുധീഷ് ചന്ദ്രൻ, സരിത കൈതോല, ഫോക്ക്ലോർ ജേതാവ് കെ.എൻ അയ്യപ്പൻ കുട്ടി, സുമേഷ് നാരായണൻ, പ്രമോദ് തുടിതാളം, സച്ചിൻ രാജ് കൂനാനുറുമ്പ് എന്നിവർ സംസാരിച്ചു.



ചടങ്ങിൽ വച്ച് ആനന്ദപുരത്തെ പഴയകാല നാടക പ്രവർത്തകരേയും, പുതു തലമുറയിലെ സംഗീത സംവിധായകരേയും ആദരിച്ചു. പപ്പേറ് പബ്ലിക്കേഷൻസിൻ്റെ പ്രകാശനം പിന്നണി ഗായകനും നാടൻ പാട്ട് കലാകാരനുമായ സുനിൽ മത്തായി നിർവഹിച്ചു. കരിന്തലക്കൂട്ടം സെക്രട്ടറി അമൽ കാർപോവ് സ്വാഗതവും, മണ്ണ് സാംസ്കാരിക വേദി പ്രസിഡൻ്റ് നിരൂപ് എ.ടി നന്ദിയും പറഞ്ഞു. തുടർന്ന് കേരളത്തിലെ പ്രധാന നാടൻപാട്ട് സംഘങ്ങളുടെ അവതരണവും നടന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page