ഇരിങ്ങാലക്കുട : നാലമ്പല തീർഥാടനത്തിനു മുന്നോടിയായി കൂടൽമാണിക്യം ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിൽ സോപാനത്ത് ഭക്തർക്ക് മഴയും കാറ്റുമടിക്കാതെ ക്യൂ നിൽക്കാനും തൊഴാനും സ്ഥിരം സംവിധാനമൊരുക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ സഹായ തേടിയ കൂടൽമാണിക്യം ദേവസ്വത്തിന് സഹായഹസ്തവുമായി നടവരമ്പ് സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപകനായ സത്യദേവൻ മാസ്റ്റർ. അനിവാര്യമായ മരാമത്ത് പണികൾക്കായുള്ള മുഴുവൻ ചെലവും സമർപ്പണമായി ഏറ്റെടുക്കാമെന്ന് അദ്ദേഹം അറിയിച്ചു.
അദ്ദേഹത്തിന്റെ 88-ാമത് പിറന്നാൾ ദിനം കൂടിയായ തിങ്കളാഴ്ച രാവിലെ മുൻ ദേവസ്വം ചെയർമാൻ പ്രദീപ് മേനോനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ ഭാഗമായി, മെംബർ അഡ്വ. കെ. ജി. അജയ്കുമാർ അദ്ദേഹത്തിന്റെ വസതിയിൽ എത്തി ഈ സമർപ്പണം ഔപചാരികമായി സ്വീകരിച്ചു. ചടങ്ങിൽ സത്യദേവൻ മാസ്റ്റരുടെ പത്‌നി ഇരിങ്ങാലക്കുട ഗവ ഗേൾസ് സ്കൂളിലെ അധ്യാപികയായിരുന്ന ചന്ദ്രിക ടീച്ചർ, പ്രദീപ് മേനോൻ, കിഷോർ പള്ളിപ്പാട് എന്നിവർ സന്നിഹിതരായിരുന്നു.
ശ്രീകോവിലിനു മുന്നിൽ സോപാനത്ത് നിലവിൽ ഇട്ടിരിക്കുന്ന തകിട് ഷീറ്റുകൾ കാലപ്പഴക്കംക്കൊണ്ട് ചോർന്നൊലിക്കുന്നുണ്ട്. നാലമ്പല തീർഥാടനത്തിനു മുൻപായി അവ മാറ്റി താത്കാലിക സംവിധാനമല്ലാതെ ചെമ്പോല മേഞ്ഞ് ഒരു സ്ഥിരം സംവിധാനമൊരുക്കാനാണ് ദേവസ്വം തീരുമാനം. മൂന്നര ലക്ഷമാണ് ചെലവ് കണക്കാക്കുന്നത്. ജൂലായ് 17-നാണ് നാലമ്പല തീർഥാടനം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം ദേവസ്വം ഭക്തരുടെ വാട്ട്സ്‌ആപ്പ് ഗ്രൂപ്പിൽ ദേവസ്വം ചെയർമാൻ ഇക്കാര്യം അറിയിച്ചിരുന്നു.
നാലു വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ 84-ാം പിറന്നാൾ ദിനമായ ഇതേ ദിനത്തിൽ, ദേവസ്വത്തിന് വേണ്ടി അദ്ദേഹം ഒരു ലക്ഷം രൂപ ദേവസ്വം പറമ്പിൽ തെങ്ങുകൾ വയ്ക്കുവാൻ സമർപ്പിച്ചിരുന്നു. നാല് വർഷങ്ങൾക്കുശേഷം, വീണ്ടും അത്തരമൊരു മഹത്വപൂർണ്ണ സമർപ്പണം ഏറ്റെടുക്കാൻ തയ്യാറായ സത്യദേവൻ മാസ്റ്റർക്കും, ടീച്ചർക്കും ദേവസ്വം നന്ദി അറിയിച്ചു. രണ്ടാഴ്ചക്കുള്ളിൽ പണികൾപൂർത്തീകരിക്കാനാണ് ശ്രമം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive