ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരമധ്യത്തിൽ ബുള്ളറ്റിലെത്തി മാല പൊട്ടിച്ച കേസിലെ 2 പ്രതികളെയും പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്. ഇവരിൽനിന്നും കവർച്ച ചെയ്ത മാലകളും, കവർച്ചക്കായി ഉപയോഗിച്ച ബുള്ളറ്റ് മോട്ടോർ സൈക്കിളും, മാല വിറ്റ് വാങ്ങിയ സ്മാർട്ട് ഫോണുകളും മൊബൈൽ ഫോണും പിടിച്ചെടുത്തു
ഈ കേസുകളിലെ പ്രതികളായ എറണാംകുളം ചേരാനെല്ലൂർ സ്വദേശി തൃക്കൂക്കാരൻ വീട്ടിൽ റോഷൻ (27) എന്നയാളെ വെള്ളിയാഴ്ച ചേരാനെല്ലൂരിൽ നിന്നും, വരാപ്പുഴ ചിറക്കകം സ്വദേശി ഗാർഡിയൻ പറമ്പ് വീട്ടിൽ ശരത്ത് (27) എന്നയാളെ ശനിയാഴ്ച വരാപ്പുഴയിൽ നിന്നുമാണ് തൃശ്ശൂർ റൂറൽ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
നിരവധി മാല പൊട്ടിക്കൽ ബൈക്ക് മോഷണ കേസ്സുകളിൽ പ്രതിയായ റോഷനാണ് സംഘത്തലവൻ. കൊടുങ്ങല്ലൂരിൽ ബൈക്ക് മോഷണക്കേസിൽ പോലിസ് അറസ്റ്റു ചെയ്യപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന റോഷൻ ഈ മാസം 13-ാം തിയ്യതിയാണ് ജാമ്യത്തിലിറങ്ങിയത്. ഇടപ്പിള്ളി പാലത്തിന് താഴെ പാർക്ക് ചെയ്തു വച്ചിരുന്ന ബുള്ളറ്റ് മോഷ്ടിച്ച് പറവൂർ വഴി കുളങ്ങര പമ്പിൽ നിന്ന് പെട്രോൾ പണം നൽകാതെ പോവുകയും തുടർന്ന് വ്യാജ നമ്പർ പ്ലയിറ്റ് വെച്ചാണ് സുഹൃത്ത് ശത്തിനേയും കൂട്ടി ഇയാൾ മാല പൊട്ടിക്കാൻ ഇറങ്ങിയത്. പെട്രോൾ പമ്പിൽ പണം നൽകാത്തതിന് പറവൂർ സ്റ്റേഷനിൽ പരാതി നിലവിലുണ്ട്.
ബുധനാഴ്ച വൈകീട്ട് 3 മണിയോടെ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരത്ത് എത്തിയ പ്രതികൾ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ഇരിങ്ങാലക്കുട കൂത്തുപറമ്പ് സ്വദേശിനിയായ വയോധികയെ കണ്ട് റോഷൻ ബുള്ളറ്റിൽ നിന്ന് ഇറങ്ങി അവരുടെ പുറകെ ചെന്ന് ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചോടി ബുള്ളറ്റിൽ കയറി രക്ഷപ്പെട്ടു.
10 മിനിറ്റിനുള്ളിൽ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളിയുടെ മുന്നിലുള്ള റോഡിന്റെ അരികിലൂടെ നടന്ന് പോവുകയായിരുന്ന കാറളം വെള്ളാനി സ്വദേശിനിയുടെ മൂന്നു പവൻ മാലയും പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ രണ്ട് സംഭവത്തിനും മോട്ടോർസൈക്കിളിൽ വന്ന 2 പേരെ പ്രതിയാക്കി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവം അറിഞ്ഞയുടനെ പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിക്കുകയും സംഭവത്തിന് സാക്ഷികളായവരെ കണ്ട് ചോദിച്ചും CCTV ദൃശ്യങ്ങൾ പരിശോധിച്ചും അന്വേഷണം നടത്തിയും മോട്ടോർ സൈക്കിളുകൾ മോഷ്ടിക്കുന്നവരെയും മാലമോഷ്ടാക്കളെയും അടുത്ത കാലത്ത് ജയിൽ മോചിതരായ സമാന രീതിയിൽ മോഷണം നടത്തുന്ന കുറ്റവാളികളെ സംബന്ധിച്ച് നടത്തിയാണ് പ്രതികളിലേക്കെത്തിയത്.
ഈ കേസിൽ കവർച്ചക്ക് ഉപയോഗിച്ച മോട്ടോർ സൈക്കിൾ എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം പോയതാണെന്നും മനസിലാക്കിയ പോലീസ് എറണാകുളം ജില്ലയിലെ ചേരാനെല്ലൂർ സ്വദേശിയായ റോഷൻ എന്നയാൾ ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞു. റോഷന്റെ മുൻകാല കേസുകളെ കുറിച്ച് കൂടുതൽ അന്വേഷിച്ചതിൽ പോലീസ് റോഷനെ സംശയ നിഴലിൽ നിർത്തുകയും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നിർദേശപ്രകാരം വ്യാഴാഴ്ച രാത്രിയിൽ അന്വേഷണ സംഘം ചേരാനെല്ലൂരിലുള്ള റോഷന്റെ വീട്ടിലെത്തുകയായിരുന്നു.
റോഷന്റെ വീട്ടിൽ പ്രതികൾ മാല പൊട്ടിക്കാനായി വന്ന എൻഫീൽഡ് ബുള്ളറ്റ് മോഡലിലുള്ള മോട്ടോർ സൈക്കിൾ കണ്ടെത്തി. തുടർന്ന് പോലീസ് കാവലിനായി അഴിച്ച് വിട്ടിരന്നു രണ്ട് നായ്ക്കളുടെ കടിയേൽക്കാതെ വളരെ സാഹസികമായി വീടു വളഞ്ഞാണ് റോഷനെ പിടികൂടിയത്. റോഷന്റെ വീട്ടിൽ നിന്ന് കവർച്ചക്ക് ഉപയോഗിച്ച ബുള്ളറ്റ് മോട്ടോർ സൈക്കിളും രണ്ടാമത് മോഷണം ചെയ്ത സ്വർണ്ണമാല വിറ്റ് ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്മാർട്ട് വാച്ചുകളും, പുതിയ മൊബൈൽ ഫോണും, പണവും കസ്റ്റഡിയിലെടുത്തു. റോഷനെ ചോദ്യം ചെയ്തതിൽ ഇയാൾ കവർച്ച നടത്തിയ മാല വരാപ്പുഴയിലുള്ള സ്വർണ്ണക്കടയിൽ വിറ്റതായി സമ്മതിക്കുകയും പോലീസ് മോഷണ മുതൽ കണ്ടെടുത്തു. തുടർന്ന് വെള്ളിയാഴ്ച റോഷനെ കോടതിയിൽ ഹാജരാക്കി.
റോഷൻ ആളൂർ, ഇരിങ്ങാലക്കുട, കൊരട്ടി, കൊടുങ്ങല്ലൂർ, എറണാംകുളം ഇൻഫോപാർക്ക്, എളമക്കര, ചേരാനെല്ലൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി മാല പൊട്ടിച്ച് കവർച്ച ചെയ്തതിനും മോട്ടോർ സൈക്കിൾ മോഷ്ടിച്ചതിനും ആയി 17 ക്രമിനൽ കേസുകളിൽ പ്രതിയാണ്.
റോഷനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വരാപ്പുഴയിൽ നിന്നാണ് ശരത്തിനെ പിടികൂടിയത്. ആദ്യം കവർച്ച ചെയ്ത മാല ശരത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. പണയം വെച്ച ലോക്കറ്റും വരാപ്പുഴയിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
ശരത് മുനമ്പം പോലീസ് സ്റ്റേഷനിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിനുള്ള 2 കേസിലും, വരാപ്പുഴ പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ചതിനുള്ള 1 കേസിലും, മറ്റുള്ളവരുടെ ജീവന് അപകടം സംഭവിക്കാവുന്ന വിധത്തിൽ അശ്രദ്ധമായി വാഹനമോടിച്ച 2 കേസിലും, മറ്റുള്ളവരുടെ ജീവന് അപകടം വരുത്താവുന്ന പ്രവർത്തി ചെയ്തതിനുള്ള 1 കേസിലും അടക്കം 6 ക്രമിനൽ കേസിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈഎസ്പി കെ.ജി.സുരേഷ്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പക്ടർ എം.എസ്.ഷാജൻ, എസ്.ഐ. മാരായ ദിനേഷ്കുമാർ, പി.ജയകൃഷ്ണൻ, സതീശൻ എ.എസ്.ഐ. മാരായ സൂരജ്.വി.ദേവ്, കെ.വി.ഉമേഷ് സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ, എം.ആർ.രഞ്ജിത്ത്, ജോവിൻ ജോയ്, എം.എസ്.സുജിത്ത്, കമൽ കൃഷ്ണ, എൻ.ആർ.രജീഷ്, സിപിഒ മാരായ കെ.എസ്.ഉമേഷ്, കെ.ജെ.ഷിൻ്റോ, ഇ.ജി.ജിജിൽ കുമാർ, സവീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive