ഇരിങ്ങാലക്കുട : ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യം: മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുടയിൽ ‘സ്‌നേഹക്കൂട്’ താക്കോൽദാനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോൽ കൈമാറ്റമാണ് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചത്. പദ്ധതിക്കു കീഴിൽ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം തൃശ്ശൂർ ജില്ലയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സഹകരണത്തോടെ നിർമ്മിച്ചുനൽകുന്ന ‘സ്‌നേഹക്കൂടാ’ണ് കാട്ടുങ്ങച്ചിറ കോക്കാനിക്കാട് സ്വദേശിനിക്ക് കൈമാറിയത്.
ജില്ലയിലെ116 എൻഎസ്എസ് യൂണിറ്റുകളെ ഏകോപിപ്പിച്ച് നടത്തിയ സ്ക്രാപ്പ് ചാലഞ്ച്, ബിരിയാണി ചാലഞ്ച്, വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണ-വിതരണ ചലഞ്ചുകൾ എന്നിവ വഴിയും നിരവധി സുമനസ്സുകളുടെ സഹായസഹകരണങ്ങളിലൂടെയും സമാഹരിച്ച വിഭവങ്ങൾ കൊണ്ടാണ് പദ്ധതി യഥാർത്ഥ്യമാക്കിയത്.
സാങ്കേതിക സർവ്വകലാശാല നാഷണൽ സർവീസ് സ്കീം വിഭാഗത്തിന്റെ മുൻകൈയിൽ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിൽ നിർമ്മിച്ച ഒന്നാമത്തെ സ്നേഹക്കൂടിന്റെയും, ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം തൃശ്ശൂർ ജില്ലയുടെ നേതൃത്വത്തിൽ ആനന്ദപുരത്ത് ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സഹകരണ ത്തോടെ നിർമ്മിച്ച രണ്ടാമത്തെ സ്നേഹക്കൂടിന്റെയും നിർമ്മാണം പൂർത്തിയാക്കി താക്കോലുകൾ ഇതിനകം തന്നെ കൈമാറിക്കഴിഞ്ഞതായും മൂന്ന് വീടുകളുടെ കൂടി നിർമ്മാണം പൂർത്തീകരണഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്‌കീമിന്റെ യൂണിറ്റുകളുടെ മുൻകൈയിൽ, പൊതുജനങ്ങളുടെ സഹായങ്ങളും സംയോജിപ്പിച്ചാണ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ സ്നേഹക്കൂട് പദ്ധതി നടപ്പാക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാൻ കഴിയാതെ പോയവരെ വീടെന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ സഹായിക്കാനാണീ പദ്ധതി – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷയായ ചടങ്ങിൽ പ്രിൻസിപ്പാൾ ആൻസൻ ഡൊമിനിക് സ്വാഗതവും, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ജൂബി കെ ജോയ് നന്ദിയും പറഞ്ഞു. എൻഎസ്എസ് ജില്ലാ കോഡിനേറ്റർ എം വി പ്രതീഷ് പദ്ധതി വിശദീകരണം നടത്തി. ഡോ എൻ. രാജേഷ്, ഫാ. ലാസർ കുറ്റിക്കാടൻ, ഫെനി എബിൻ, എം ആർ ഷാജു, തോമസ് എ എ, ശ്രീജിത്ത് ഒ എസ്, സൂര്യ തേജസ്, ഇ ആർ രേഖ, ശ്രീകല ഇ എസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com