കാലിക്കട്ട് സർവ്വകലാശാലയുടെ കായിക കിരീടം തുടർച്ചയായി എട്ടാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : കാലിക്കറ്റ് സർവ്വകലാശാലയുടെ 2023- 24 അധ്യയനവർഷത്തെ കായിക കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. തുടർച്ചയായി എട്ടാം തവണയാണ് ക്രൈസ്റ്റ് കോളേജ് കായിക മികവിൻ്റെ ഈ കിരീടം സ്വന്തമാക്കുന്നത്. പുരുഷ, വനിതാ വിഭാഗങ്ങളിൽ മികച്ച വിജയങ്ങൾ സ്വന്തമാക്കിയാണ് ക്രൈസ്റ്റ് സർവകലാശാലാ തലത്തിൽ ഒന്നാമതെത്തിയത്.

ആരോഗ്യമുള്ള ഒരു യുവതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കോളേജ് മാനേജ്മെൻ്റിൻ്റെയും പരിശീലകരുടെയും വിദ്യാർഥികളുടെയും ഒത്തൊരുമിച്ചുള്ള പരിശ്രമമാണ് ക്രൈസ്റ്റ് കോളജിനെ കായിക രംഗത്ത് തുടർച്ചയായി ഒന്നാംസ്ഥാനത്ത് നിലനിർത്തുന്നത്. കേരള സ്പോർട്സ് കൗൺസിലിൻറെ അഞ്ച് ടീമുകൾ ക്രൈസ്റ്റ് കോളേജിൽ പരിശീലിക്കുന്നു. കേരള സ്പോർട്സ് കൗൺസിലിൻ്റെ അകമഴിഞ്ഞ പിന്തുണയും പരിശീലകരുടെയും കായികതാരങ്ങളുടെയും ചിട്ടയായ പരിശീലനവും പ്രകടനവും ക്രൈസ്റ്റ് കോളേജിൻ്റെ വിജയത്തിന് പിന്നിലുണ്ട്.

ദീർഘകാലം ക്രൈസ്റ്റ് കോളേജിൽ കായിക അധ്യാപകനും ഇപ്പോൾ കോളേജിൻ്റെ മാനേജറുമായ ഫാ. ജോയ് പീണിക്കപറമ്പിലിൻ്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലം കൂടിയാണ് കായിക രംഗത്തുള്ള ക്രൈസ്റ്റിൻ്റെ വളർച്ച. സർവകലാശാലാ തലത്തിലുള്ള മത്സരങ്ങളിൽ മികച്ച പ്രകടനത്തോടൊപ്പം ദേശീയ, അന്തർദേശീയ തലങ്ങളിലുള്ള വിജയങ്ങളും ക്രൈസ്റ്റിൻ്റെ വിജയത്തിൽ നിർണായകമായി.

പ്രതിഭയുള്ള താരങ്ങളെ കണ്ടെത്തുന്നതിനും അവർക്ക് മികച്ച പരിശീലനം ഒരുക്കുന്നതിനും കോളേജ് കായിക വിഭാഗം മേധാവി ഡോ. ബിൻ്റു ടി കല്യാൺ, അധ്യാപകരായ ഡോ. സെബാസ്റ്റ്യൻ കെ എം, നിതിൻ എം എൻ എന്നിവരും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കായികരംഗത്ത് തുല്യപ്രാധാന്യത്തോടെ നൽകുന്ന പരിശീലനമാണ് ഇരുവിഭാഗങ്ങളിലും മികച്ചുനിൽക്കാൻ ക്രൈസ്റ്റിനെ സഹായിക്കുന്നതെന്ന് പ്രിൻസിപ്പാൾ ഫാദർ ഡോ. ജോളി ആൻഡ്രൂസ് അഭിപ്രായപ്പെട്ടു.

കാലിക്കറ്റ് സർവ്വകലാശാല ആസ്ഥാനത്ത് വച്ച് നടത്തപ്പെട്ട പരിപാടിയിൽ വൈസ് ചാൻസിലർ പ്രൊഫ. ഡോ. പി രവീന്ദ്രനിൽനിന്ന് പ്രിൻസിപ്പാളും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കായിക മികവിൻ്റെ കിരീടം ഏറ്റുവാങ്ങി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page