ബാംഗളൂരു : ഗുരു അമ്മന്നൂർ മാധവചാക്യാരുടെ പതിനേഴാമത് ഗുരുസ്മരണ ദിനവും കൂടിയാട്ടം ആചാര്യൻ ഗുരു വേണുജിയുടെ 80-ആം പിറന്നാളും ഇരിങ്ങാലക്കുട നടനകൈരളിയുടെ സുവർണ ജൂബിലിയും സമന്വയിപ്പിച്ചു കൊണ്ട് കൂടിയാട്ടത്തിൽ ഇദംപ്രഥമമായി ചിട്ടപെടുത്തിയ “മൃച്ഛകടികം” കൂടിയാട്ടം ബാംഗളൂരുവിലെ രംഗശങ്കരയുടെ വേദിയിൽ ജൂലൈ ഒന്നും, രണ്ടും തിയ്യതികളിൽ അവതരിപ്പിച്ചു.
രണ്ടായിരം വർഷങ്ങൾക്കു മുമ്പ് മഹാകവി ശൂദ്രകൻ രചിച്ച ഈ നാടകം നാടകരചനയിലെ ക്ലാസ്സിക്കുകളിലൊന്നായിട്ട് കരുതപ്പെടുന്നു. ഉജ്ജയിനി നഗരത്തിലെ സാധാരണ ജനങ്ങളുടെ ജീവിതാനുഭവമാണ് ഈ നാടകത്തിലെ ഇതിവൃത്തം എന്നുള്ളതു കൊണ്ടായിരിക്കാം ആഢ്യകലയായ കൂടിയാട്ടം ഈ നാടകത്തെ അകറ്റി നിർത്തിയിരുന്നത്. പ്രാചീന ഭാരതീയ വനിതകളിൽ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവായിട്ടാണ് ഈ നാടകത്തിലെ നായികയായ വസന്തസേനയെ ചിത്രീകരിച്ചിട്ടുള്ളത്.
മഹാത്മാ ഗാന്ധിയുടെ നിർദേശമനുസരിച്ച് ഇൻഡ്യൻ സ്ത്രീകളെ തന്റേടമുള്ളവരാക്കാൻ അദ്ദേഹത്തിന്റെ ശിഷ്യയും സ്വാതന്ത്ര്യ സമരസേനാനിയും കലാകാരിയുമായ കമലാ ദേവി ചതോപാധ്യായ സ്വയം വസന്തസേനയായി അഭിനിയിച്ചിട്ടുണ്ടെന്നതും കൂടിയാട്ടത്തിൽ വേണുജി സംവിധാനം ചെയ്ത അഭിജ്ഞാനശാകുന്തളം കൂടിയാട്ടം നിരീക്ഷിച്ച ശേഷം ഈ അഭിനയസങ്കേതങ്ങളിൽ മൃച്ഛകടികം ചെയ്തു കാണാൻ ആഗ്രഹിക്കുന്നുയെന്ന് വിഖ്യാത നാടക സംവിധായകൻ ഹബീബ് തൺവീർ ആവശ്യപ്പെട്ടതും ഈ നാടകം കൂടിയാട്ടത്തിൽ ചെയ്യുവാൻ വേണുജിക്ക് പ്രചോദാനമായി.

മൃച്ഛകടികം അവതരണത്തിന് ഒരാഴ്ച്ച മുമ്പു തന്നെ പ്രവേശന ടിക്കറ്റുകൾ വിറ്റുതീർന്നൂയെന്നതും കൂടിയാട്ടത്തിന്റെ സമകാലിക ചരിത്രത്തിലെ നാഴികക്കല്ലാണ് . വിഖ്യാത കലാനിരൂപകരായ റുസ്തംഭറൂച, തപതി ചൗധരി കേരളത്തിൽ നിന്നുള്ള സംസ്‌കൃത പണ്ഡിതൻ കൊടുങ്ങല്ലൂർ ദിലീപ് രാജ തുടങ്ങി, ഇൻഡ്യയുടെ നാനാഭാഗത്തു നിന്നും എത്തിയ സദസ്സായിരുന്നു കൂടിയാട്ടം അരങ്ങേറിയത്.
വസന്തസേനയായി കപില വേണു, ചാരുദത്തനായി സൂരജ് നമ്പ്യാർ, മാഥുരനായി മാർഗി സജീവ് നാരായണ ചാക്യാർ, കർണപൂരകനായി പൊതിയിൽ രഞ്ജിത്ത് ചാക്യാർ, ശർവിലകനായി നേപത്ഥ്യ ശ്രീഹരി ചാക്യാർ, വിദൂഷകനായി കലാമണ്ഡലം ജിഷ്ണു പ്രതാപ്, സംവാഹകനായി ശങ്കർ വെങ്കിടേശ്വരൻ, മദനികയായി സരിത കൃഷ്ണകുമാർ, രദനികയായി മാർഗി അഞ്ജന എസ്. ചാക്യാർ, രോഹസേനനയായി അരൻ കപില എന്നിവർ അരങ്ങിലെത്തി.
കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം കെ. പി. നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിനീഷ് എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും ഗുരുകുലം അതുല്യ, വിസ്മയ എന്നിവർ താളം പിടിച്ചും വൈശാഖൻ കുറുങ്കുഴൽ വായിച്ചും പശ്ചാത്തലമേളം നൽകി. കലാനിലയം ഹരിദാസ്,
കലാമണ്ഡലം വൈശാഖ് എന്നിവരായിരുന്നു ചമയം നിർവഹിച്ചത്.
വേണുജിയുടെ അശീതിയോടനുബന്ധിച്ചു നൽകിയ സ്വീകരണത്തിൽ മുൻകർണാടക എം. പിയും വിഖ്യാത നാടക നടിയുമായ ബി. ജയശ്രീ, രംഗശങ്കര സ്ഥാപകയും നടിയുമായ അരുന്ധതി നാഗ് എന്നിവർ പങ്കെടുത്തു. ഗുരു അമ്മന്നൂർ അനുസ്മരണ ചടങ്ങ് വേണുജി ആമുഖ പ്രഭാഷണം നിർവഹിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive