“സുവർണ്ണ”ത്തിന്റെ തിരശ്ശീല താഴ്ത്തി

ഇരിങ്ങാലക്കുട : ഡോക്ടർ കെ.എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് “സുവർണ്ണം” എന്നപേരിൽ ഒരുവർഷമായി സംഘടിപ്പിച്ചുവന്ന സുവർണ്ണ ജൂബിലി ആഘോഷ പരമ്പരയ്ക്ക് തിരശ്ശീല വീണു. ആഘോഷത്തിൻ്റെ അവസാനപാദത്തിൽ തുടർച്ചയായി പതിനാറുദിവസങ്ങളിൽ നടത്തിയ നളചരിതസമാരോഹത്തിന് ജനുവരി 11,12 തീയതികളിൽ ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ ഒരുക്കിയ വൈവിദ്ധ്യമാർന്ന പരിപാടികളോടെ സമാപനമായി.

ജനുവരി 11, ശനിയാഴ്ച നളചരിതത്തിലെ സാധാരണ അവതരിപ്പിക്കാത്ത രംഗങ്ങളിൽനിന്നും തെരഞ്ഞെടുത്ത പദങ്ങൾ കലാമണ്ഡലം ബാബു നമ്പൂതിരിയും, കലാമണ്ഡലം വിനോദും തുടർന്ന് കോട്ടയ്ക്കൽ മധുവും, നെടുമ്പള്ളി രാം മോഹനും ആലപിച്ചു. തുടർന്ന് പദ്മ ശ്രീ ലഭിച്ച സദനം ബാലകൃഷ്ണനെ ആദരിച്ചു. പുത്തൂർ കെ ശശി അനുമോദിച്ച് സംസാരിച്ചു. നളചരിതത്തിൽനിന്നും തെരഞ്ഞെടുത്ത ശൃംഗാരപദങ്ങളെ ആസ്പദമാക്കി ഗുരു സദനം ബാലകൃഷ്ണൻ നടത്തിയ “ശൃംഗാരം-രസരാജൻ” എന്ന ചൊല്ലിയാട്ടം ഏറെ ശ്രദ്ധേയമായി. “നളചരിതം മൂന്നാംദിവസം കഥയുടെ കാണാപ്പുറങ്ങൾ” എന്ന വിഷയത്തിൽ ഡോക്ടർ മനോജ് കുറൂർ പ്രഭാഷണം നടത്തി. പദ്മ ഭൂഷൺ കാവാലം നാരായണപണിക്കർ രചിച്ച “കലിസന്ധാരണം” കവിതയെ ആസ്പദമാക്കി കാവാലംതന്നെ സംവിധാനം ചെയ്ത് ചിട്ടപ്പെടുത്തിയ ”കലിവേഷം” തനത് നാടകം തിരുവനന്തപുരം “സോപാനം” കലാകാരന്മാർ അവതരിപ്പിച്ചപ്പോൾ കഥകളിപ്രേക്ഷകർക്കത് നവ്യാനുഭവമായി.

കഥകളി ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കൈകോർത്ത വ്യക്തികളേയും സ്ഥാപനങ്ങളേയും സ്നേഹാദരണച്ചടങ്ങിൽ ആദരിക്കുകയുണ്ടായി. ശേഷം നടന്ന ‘നളചരിതം മൂന്നാംദിവസം’ കഥകളിയിൽ നളനായി കലാമണ്ഡലം പ്രദീപ് കുമാർ, കാർക്കോടനായി കലാനിലയം മനോജ്, ബാഹുകനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ഋതുപർണ്ണനായി കലാനിലയം വിനോദ് കുമാർ, ജീവലനായി കലാനിലയം സൂരജ്, വാർഷ്ണേയനായി കലാനിലയം അജയ് ശങ്കർ, ദമയന്തിയായി കലാമണ്ഡലം ചമ്പക്കര വിജയകുമാർ, സുദേവനായി മധു വാരണാസി എന്നിവർ വേഷമിട്ടു. കലാമണ്ഡലം ഹരീഷ് കുമാർ, കലാനിലയം രാജീവൻ, ഹരിശങ്കർ കണ്ണമംഗലം എന്നിവർ പാട്ടിലും കലാമണ്ഡലം ബാലസുന്ദരൻ, കോട്ടയ്ക്കൽ വിജയരാഘവൻ എന്നിവർ ചെണ്ടയിലും കലാമണ്ഡലം അച്യുതവാരിയർ, കലാമണ്ഡലം ശ്രീജിത്ത് എന്നിവർ മദ്ദളത്തിലും പശ്ചാത്തല സംഗീതമൊരുക്കി. കലാനിലയം രാജീവ് ചുട്ടികുത്തി.

രണ്ടാംദിവസമായ ജനുവരി 12, ഞായറാഴ്ച കാലത്ത് നളകഥാകാവ്യങ്ങളെ അവലംബിച്ച് മീര രാംമോഹനും സംഘവും സംഗീതാവിഷ്ക്കാരം നടത്തി. തുടർന്ന് കലാമണ്ഡലം പ്രഷീജ ഗോപിനാഥിൻ്റെ “ദമയന്തി” മോഹിനിയാട്ടരംഗാവതരണം ആസ്വാദകരുടെ മനം കവർന്നു. “നളചരിതം നാലാംദിവസം കഥയുടെ കാണാപ്പുറങ്ങൾ” എന്ന വിഷയത്തിൽ മനോജ് കൃഷ്ണ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് മീര നങ്ങ്യാരും സംഘവും ചേർന്ന് “ഭൈമീഹൃദയം” എന്ന പുതിയ നൃത്താവിഷ്കാരത്തിൽ പുതിയ രംഗാവിഷ്ക്കാരം നിർവ്വഹിച്ചു.

ഡോക്ടർ കെ എൻ പിഷാരാടിയുടെ ഛായാചിത്രത്തിൽ കുടുംബാംഗങ്ങളുടെ പുഷ്പാർച്ചനയോടെ വാർഷിക സമ്മേളനത്തിന് തുടക്കമായി. ക്ലബ്ബ് പ്രസിഡണ്ട് അനിയൻ മംഗലശ്ശേരി അദ്ധ്യക്ഷത വഹിക്കുകയും, ക്ലബ്ബ് ഏർപ്പെടുത്തിയിട്ടുള്ള വാർഷികകഥകളിപുരസ്ക്കാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. സമഗ്രസംഭാവനാപുരസ്കാരം ഡോക്ടർ സദനം കൃഷ്ണൻകുട്ടിയും, ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി പുരസ്ക്കാരങ്ങൾ വേഷത്തിൽ കലാമണ്ഡലം ബാലസുബ്രഹ്മണ്യനും, സംഗീതത്തിൽ പത്തിയൂർ ശങ്കരൻകുട്ടിയും, ചെണ്ടയിൽ സദനം ഗോപാലകൃഷ്ണനും, മദ്ദളത്തിൽ സദനം രാജഗോപാലനും, ചുട്ടിയിൽ കലാമണ്ഡലം സതീശനും, അണിയറ വിഭാഗത്തിൽ നാരായണൻ നായരും, ഇ കേശവദാസ് സ്മാരക കഥകളി പുരസ്ക്കാരം കോട്ടക്കൽ മധുവൂം, പി ബാലകൃഷ്ണൻ സ്മാരക കഥകളി എൻ്റോവ്മെൻ്റ് ആർ ആദിത്യനും ഏറ്റുവാങ്ങി.

ഡോക്ടർ കെ എൻ പിഷാരടിയുടെ പേരക്കുട്ടികളായ ഡോക്ടർ നാരായണപ്പിഷാരടിയും, ഡോക്ടർ കൃഷ്ണപ്പിഷാരടിയും പുസ്കൃതരെ യഥാക്രമം അംഗവസ്ത്രവും സുവർണ്ണമുദ്രണവും നല്കി ആദരിച്ചു. ശ്രീവത്സൻ തിയ്യാടി ആശംസകൾ അർപ്പിച്ചു. രമേശൻ നമ്പീശൻ സ്വാഗതവും അഡ്വക്കേറ്റ് രാജേഷ് തമ്പാൻ നന്ദിയും പറഞ്ഞു.

“സുവർണ്ണ”ത്തിൻ്റെ സമാപനയരങ്ങിൽ നാലുമുടിയോടെയുള്ള പകുതിപ്പുറപ്പാടും ഡബിൾ മേളപ്പദവും ആസ്വാദകരെ ഹഠാദാകർഷിച്ചു. “നളചരിതം നാലാംദിവസ”ത്തിൻ്റെ കഥകളിയരങ്ങിൽ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ദമയന്തിയായും, പീശപ്പിള്ളി രാജീവൻ കേശിനിയായും, ബാഹുകനായി ഡോക്ടർ സദനം ബാലകൃഷ്ണനും വേഷമിട്ടു. പത്തിയൂർ ശങ്കരൻകുട്ടി, കോട്ടയ്ക്കൽ മധു, കലാമണ്ഡലം വിശ്വാസ്, തൃപ്പൂണിത്തറ അർജുൻ രാജ് എന്നിവർ പാട്ടിലും കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം രവിശങ്കർ എന്നിവർ ചെണ്ടയിലും കോട്ടക്കൽ രവി, കലാമണ്ഡലം ഹരിഹരൻ എന്നിവർ മദ്ദളത്തിലും പശ്ചാത്തല സംഗീതമൊരുക്കി. കലാമണ്ഡലം സതീശൻ, കലാനിലയം വിഷ്ണു എന്നിവർ ചുട്ടികുത്തി.

രണ്ടു ദിവസത്തെ കളിയരങ്ങിൽ നെടുമുടി മധുസൂദനപ്പണിക്കർ, ഊരകം നാരായണൻ നായർ, പേരൂർ രമേഷ് കുമാർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി, എന്നിവർ അണിയറ സഹായികളായി. ചമയമൊരിക്കിയത് ഇരിങ്ങാലക്കുട ശ്രീപാർവതി കലാകേന്ദ്രമാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page