ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ വിശ്വവിഖ്യാത സ്ഥാപനങ്ങളിൽ നിന്നും അഭ്യസ്തരായ കൂടിയാട്ട – കഥകളി കലാകാരന്മാരായ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ, ഡോ. പാഴൂർ ദാമോദരൻ എന്നിവരും സംസ്കൃത അദ്ധ്യാപികയും കൂടിയാട്ട-തായമ്പക കലാകാരിയുമായ ഡോ. ഭദ്ര പി.കെ.എം എന്നിവരടങ്ങിയ കലാകാര സംഘം നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന 19-ാമത് വിശ്വ സംസ്കൃത സമ്മേളനത്തിൽ പങ്കെടുത്ത് പ്രബന്ധാവതരണവും അഭിനയവും കാഴ്ചവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത വിഭാഗങ്ങളിൽ മൂവ്വായിരത്തോളം പണ്ഡിതരും ഗവേഷകരും കലാകാരന്മാരും പങ്കെടുത്ത ഈ സമ്മേളനം ഭാരതത്തിലെ കേന്ദ്ര സംസ്കൃത സർവ്വകലാശാല, നേപ്പാൾ സംസ്കൃത സർവ്വകലാശാല, നേപ്പാൾ കലാ അക്കാദമി എന്നിവരാണ് സംഘടിപ്പിച്ചത്.
യുനെസ്കോ നാട്യശാസ്ത്രത്തെ അംഗീകരിച്ച ഈ വർഷത്തിൽ ഇവർ അവതരിപ്പിച്ച നാട്യാവതരണത്തിന് പണ്ഡിതന്മാരുടെ ഇടയിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്. വിശ്വോത്തരകലകളായ കൂടിയാട്ടത്തെയും കഥകളിയെയും സംരക്ഷിയ്ക്കുന്നതിനും പ്രചരിപ്പിയ്ക്കുന്നതിനും ഈ കലാകാരന്മാർക്ക് പ്രത്യേക അഭിനന്ദനവും കിട്ടുകയുണ്ടായി. ജൂൺ 30ന് സമ്മേളനം അവസാനിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive