ഇരിങ്ങാലക്കുട : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് ചില സ്ഥലങ്ങളിൽ ഇന്നലെ രാവിലെ മുതൽ വെള്ളം കയറുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്നും ഇന്ന് ചിമ്മിനി ഡാം തുറന്നതിനാൽ വെള്ളത്തിൻ്റെ അളവ് കൂടാൻ സാധ്യതയുണ്ടെന്നും അതിനാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജാഗരൂകരായിരിക്കണമെന്നും മന്ത്രി ആർ.ബിന്ദു യോഗത്തിൽ പറഞ്ഞു.
നിലവിൽ മണ്ഡലത്തിലെ ഇരിങ്ങാലക്കുട നഗരസഭ, കാട്ടൂർ, കാറളം, ആളൂർ എന്നീ പഞ്ചായത്തുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും ഈ ക്യാമ്പുകളിലെല്ലാം തന്നെ എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എല്ലാ വകുപ്പുകളും ഏകോപിച്ച് പൊതുജന കൂട്ടായ്മയിലൂടെ ഈ സാഹചര്യത്തെ നേരിടണമെന്നും, വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും, ഉരുൾപൊട്ടൽ ഭീഷിണിയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാർ തദ്ദേശസ്ഥാപനങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. വിവിധ വകുപ്പുകളുടെ തലവൻമാർ ബന്ധപ്പെട്ട വകുപ്പ് പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ യോഗം ചേരാത്തിടത്ത് എത്രയും പെട്ടെന്ന് തന്നെ യോഗം ചേരണമെന്നും, അടിയന്തരഘട്ടത്തിൽ ജാഗ്രതാ നിർദ്ദേശം നൽകണമെന്നും, ആവശ്യമെങ്കിൽ അനൗൺസ്മെൻ്റ് അടക്കം നടത്തണമെന്നും, ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും, ഷട്ടറുകളിൽ വന്നടിയുന്ന മരങ്ങൾ എത്രയും വേഗം തന്നെ നീക്കുന്നതിന് ഇറിഗേഷൻ വകുപ്പ് പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും എല്ലാ വകുപ്പുകളും തമ്മിൽ ഏകോപിപ്പിച്ച പ്രവർത്തനം നടത്തണമെന്നും യോഗത്തിൽ തീരുമാനിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി ലത, കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് , വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് , പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ആളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതിസുരേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ ഡേവിസ് മുകുന്ദപുരം തഹസിൽദാർ സി നാരായണൻ ജനപ്രതിനിധികൾ വിവിധ വകുപ്പുകളുടെ തലവൻമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com